നവിമുംബൈ∙ മുൻനിര ഐടി സ്ഥാപനത്തിലെ വൈസ് പ്രസിഡന്റായിരുന്ന വ്യക്തിയെ കാർ മോഷണം, മാല പിടിച്ചുപറി തുടങ്ങിയ കേസുകളിൽ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ പ്രശ്നങ്ങൾ കാരണം അഞ്ച് വർഷം മുന്‍പാണ് സുമിത് സെൻഗുപ്ത എന്നായാൾ ജോലി രാജി വച്ചത്. 2.5 ലക്ഷം രൂപയായിരുന്നു അന്നത്തെ അദ്ദേഹത്തിന്റെ വരുമാനം. ജോലി പോയതോടെ ആഢംബര ജീവിതത്തിനായി ഇയാള്‍ ‘പുതിയ ജോലി’ കണ്ടെത്തുകയായിരുന്നു. അതിനിടെയാണ് പൊലീസ് പിടിയിലായത്.
2015ൽ സെൻഗുപ്തയുടെ ഭാര്യയും ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. പ്രതി ലഹരിമരുന്നിന് അടിമയും കടുത്ത മാനസിക സമ്മർദം അനുഭവിക്കുന്നയാളുമാണെന്നും പൊലീസ് അറിയിച്ചു. രാജ്യത്തെ മികച്ച സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തിൽനിന്നു പഠനം പൂർത്തിയാക്കിയ ശേഷം ഐടി കമ്പനിയുടെ പുണെയിലെ ഓഫിസിലായിരുന്നു ജോലി നോക്കിയിരുന്നതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
ഡിസംബര്‍ 12ന് മുംബൈയിലെ വാശിയിൽ സ്ത്രീയുടെ മാല മോഷ്ടിച്ച സംഭവത്തിലാണ് സുമിത് സെൻഗുപ്ത അറസ്റ്റിലായത്. ഇയാളോടൊപ്പം നിതീഷ് അഗർവാൾ എന്നയാളും പൊലീസ് പിടിയിലായി. മോഷ്ടിച്ച കാറിലായിരുന്നു ഇരുവരും മാല പിടിച്ചുപറിക്കാനെത്തിയതെന്നും പൊലീസ് അറിയിച്ചു. സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണ സംഘം തൊട്ടടുത്ത ദിവസം തന്നെ പ്രതികളെ വലയിലാക്കുകയായിരുന്നു.
ഡിസംബർ ഒൻപതിന് വശിയിലെ തന്നെ ഫോർട്ടിസ് ആശുപത്രിക്കു സമീപത്തുവച്ചാണ് കാർ മോഷണം നടന്നത്. കാർ ഡ്രൈവറെ വെടിവയ്ക്കുമെന്നു ഭീഷണിപ്പെടുത്തിയായിരുന്നു വാഹനം തട്ടിയെടുത്തത്. തോക്കാണെന്ന വ്യാജേന മറ്റൊരു വസ്തു ഡ്രൈവറുടെ തലയ്ക്ക് നേരെ ചൂണ്ടിയായിരുന്നു കാർ മോഷണം. സെന്‍ഗുപ്തയ്ക്കെതിരെ 2017ലെ മറ്റൊരു മോഷണക്കേസ് കൂടി നിലവിലുണ്ട്. മറ്റു പൊലീസ് സ്റ്റേഷനുകളിൽ കൂടുതൽ കേസുകളുണ്ടോയെന്നു പരിശോധിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.