പ്രളയ പുനരധിവാസം: കെസിബിസി 2620 വീടുകൾ നിർമിക്കും

കൊച്ചി ∙ പ്രളയാനന്തര പുനരധിവാസ പദ്ധതികളുടെ ഭാഗമായി കെസിബിസി 32 രൂപതകളിലായി 2620 പുതിയ വീടുകൾ നിർമിക്കും. ഭാഗികമായി തകർന്ന 6630 വീടുകളും 4226 ശൗചാലയങ്ങളും 4744 കിണറുകളും പുനർനിർമിക്കും. 31,851 കുടുംബങ്ങൾക്ക് ഉപജീവനത്തിനായി വരുമാനവർധന പദ്ധതികളും പ്രഖ്യാപിച്ചു.

കെസിബിസി പ്രളയാനന്തര പുനരധിവാസ പദ്ധതികളുടെ ഉദ്ഘാടനം മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ നിർവഹിച്ചു. കെസിബിസി പ്രസിഡന്റ് ആർച്ച് ബിഷപ് ഡോ.എം. സൂസപാക്യം അധ്യക്ഷത വഹിച്ചു. ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ്, കാരിത്താസ് ഇന്ത്യ ഡയറക്ടർ ഫാ. പോൾ മുഞ്ഞേലി, ഫാ. ജോളി പുത്തൻപുര, ഫാ. വർഗീസ് വള്ളിക്കാട്ട്, ഫാ. ജോർജ് വെട്ടികാട്ടിൽ എന്നിവർ പ്രസംഗിച്ചു. സിബിസിഐയുടെ സാമൂഹിക വികസന പ്രസ്ഥാനമായ കാരിത്താസ് ഇന്ത്യയും കെസിബിസിയും ചേർന്നാണു പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്. രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ മത്സ്യത്തൊഴിലാളികളെ ചടങ്ങിൽ ആദരിച്ചു.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു കേരള കത്തോലിക്കാ സഭ 164 കോടി രൂപ ഇതുവരെ ചെലവഴിച്ചു. വിവിധ രൂപതകളുടെയും സന്ന്യാസ സഭകളുടെയും സഹകരണത്തോടെ 36.5 ഏക്കർ ഭൂമി ഭൂരഹിതർക്കായി സമാഹരിച്ചു നൽകി. കെസിബിസി ശീതകാല സമ്മേളനം പുനരധിവാസ പുരോഗതി വിലയിരുത്തി. ദുരിതബാധിതർക്ക് സർക്കാർ വാഗ്ദാനം ചെയ്ത പദ്ധതികൾ ഇഴഞ്ഞുനീങ്ങുന്നതിൽ യോഗം ഉത്കണ്ഠ പങ്കുവച്ചു. സഭയിലെ വിവിധ വിഭാഗങ്ങൾ തമ്മിലുണ്ടാകാവുന്ന പ്രശ്‌നങ്ങൾക്കു പരിഹാരം കാണാൻ കെസിബിസി ക്രിസ്ത്യൻ മീഡിയേഷൻ കൗൺസിലിനു രൂപം നൽകാനും ധാരണയായി. സഭയുടെ സ്ഥാപനങ്ങളിൽ മിഷൻ ഓഡിറ്റ് നടത്തും. നവോത്ഥാന കേരളത്തിനു കത്തോലിക്കാസഭ അനിഷേധ്യ സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് ആർച്ച് ബിഷപ് എം.സൂസപാക്യം, കെസിബിസി സെക്രട്ടറി ജനറൽ ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് എന്നിവർ പറഞ്ഞു.