കൊച്ചി∙ 12 സേവന മേഖലകൾക്കായി സർക്കാർ 5,000 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് പ്രഭു. ഇതിൽ ഒരു പങ്ക് കേരളത്തിനുള്ളതാണെന്നും സംസ്ഥാന സർക്കാർ ഇതു പ്രയോജനപ്പെടുത്തുമെന്നു കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. സുഗന്ധവ്യഞ്ജനങ്ങളുടെ ഉൽപാദന-വ്യാപാര - കയറ്റുമതി മേഖലയിൽ നേട്ടം കൈവരിച്ചവർക്കു സ്‌പൈസസ് ബോർഡ് ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
റബർ കർഷകരുടെ പ്രശ്‌നങ്ങൾ പഠിച്ചുവരികയാണ്. ഇപ്പോൾ വിവിധ മന്ത്രാലയങ്ങൾ തമ്മിൽ ചർച്ച നടന്നുവരികയാണെന്നും അനുഭാവപൂർണമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കും. ഇതാദ്യമായി കാർഷികോൽപന്നങ്ങളുടെ കയറ്റുമതിനയം കേന്ദ്രസർക്കാർ ആവിഷ്‌ക്കരിച്ചു. പുതിയ വ്യവസായനയവും ഉടൻ പ്രഖ്യാപിക്കും. ഇപ്പോൾ 3,700 കോടി ഡോളറുള്ള കയറ്റുമതി വരുമാനം 2022ൽ 6,000 കോടി ആക്കുകയാണു ലക്ഷ്യം.
കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയിലെ സൗരോർജ പ്ലാന്റ്, സീറോ ലിക്വിഡ് ഡിസ്ചാർജ് പ്ലാന്റ് എന്നിവയുടെ തറക്കല്ലിടലും ഇതോടൊപ്പം നടത്തി. കെ.വി. തോമസ് എംപി അധ്യക്ഷനായിരുന്നു. പി.ടി. തോമസ് എംഎൽഎ, ബോർഡ് സെക്രട്ടറി ഡോ. എം.കെ. ഷൺമുഖ സുന്ദരം, വിപണന വിഭാഗം ഡയറക്ടർ പി.എം. സുരേഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു. കൊച്ചിൻ സ്‌പൈസ് എക്‌സ്‌പോർട്ട് സോണിലെ സീറോ ലിക്വിഡ് ഡിസ്ചാർജിന്റെ ശിലാസ്ഥാപനവും കേന്ദ്രമന്ത്രി നിർവഹിച്ചു.