Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊടിയേറി; ഇനി ഒരാഴ്ച ചലച്ചിത്രോത്സവം

iffk-2018

തിരുവനന്തപുരം∙ ഏഴു ദിവസം നീളുന്ന കാഴ്ചയുടെ ഉത്സവത്തിനു തലസ്ഥാനത്തു കൊടിയേറി.രാജ്യാന്തര ചലച്ചിത്ര മേളയ്ക്കു മുഖ്യമന്ത്രി പിണറായി വിജയൻ തിരി തെളിച്ചു.പ്രളയത്തിനു ശേഷം കേരളം കലാരംഗത്തു തളർന്നിട്ടില്ലെന്നു ലോകത്തെ ബോധ്യപ്പെടുത്താൻ ഈ മേള ഉപകരിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. ചലച്ചിത്രാസ്വാദകർ വിചാരിച്ചാൽ സർക്കാരിന്റെ പത്തു പൈസ പോലുമില്ലാതെ ഇതിനപ്പുറവും ചെയ്യാൻ സാധിക്കുമെന്നു തെളിയിച്ച മേളയാണിതെന്ന് ആധ്യക്ഷ്യം വഹിച്ച മന്ത്രി എ.കെ. ബാലൻ പറഞ്ഞു.

സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം (5 ലക്ഷം രൂപ) ഇറാനിയൻ സംവിധായകൻ മജീദ് മജീദിക്കു മുഖ്യമന്ത്രി സമ്മാനിച്ചു. ബംഗാളി സംവിധായകൻ ബുദ്ധദേവ്ദാസ് ഗുപ്തയും നടിയും സംവിധായികയുമായ നന്ദിതാ ദാസും മുഖ്യാതിഥികളായിരുന്നു. അസ്ഗർ ഫർഹാദി സംവിധാനം ചെയ്ത ഉദ്ഘാടന ചിത്രമായ ‘എവരിബഡി നോസ്’(ഇറാൻ) തുടർന്നു പ്രദർശിപ്പിച്ചു.

ചലച്ചിത്രോൽസവത്തിനിടെ ശബരിമല പ്രതിഷേധം

ശബരിമല വിഷയത്തിൽ ചലച്ചിത്രോൽസവ വേദിയിലും പ്രതിഷേധം. യുവതീപ്രവേശ വിഷയത്തിൽ സർക്കാർ നിലപാടിനെതിരെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ പരസ്യമായി പ്രതികരിച്ചയാളെ പൊലീസ് താക്കീതു നൽകി വിട്ടയച്ചു.

ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നതിനു തൊട്ടു മുമ്പ് സദസ്സിന്റെ പിൻനിരയിൽ നിന്ന് ഇയാൾ മുദ്രാവാക്യം വിളിക്കുകയായിരുന്നു. പൊലീസ് തൂക്കിയെടുത്തു പുറത്തേക്കു കൊണ്ടുപോയി. പ്രതിഷേധക്കാരൻ മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു. പ്രതിഷേധം മുൻകൂട്ടി കണ്ടു വേദിയിലും പരിസരത്തും വൻ പൊലീസ് സംഘത്തെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു.