Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിജീവന ദീപം തെളിച്ചു തുടക്കം; ലോക സിനിമയുടെ തിരശ്ശീലയായി തലസ്ഥാനം

iffk-inaguration സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം (5 ലക്ഷം രൂപ) ഇറാനിയൻ സംവിധായകൻ മജീദ് മജീദിക്കു മുഖ്യമന്ത്രി സമ്മാനിച്ചപ്പോൾ.

തിരുവനന്തപുരം ∙ നഗരത്തിലെ വിവിധ തിയറ്ററുകളിലെ തിരശീലയിൽ ലോക സിനിമയിലെ കാഴ്ചകളുടെ വിരുന്നാട്ടമായി.  ഇനിയുള്ള ദിനരാത്രങ്ങളിൽ വിസ്മയം പൂണ്ട ലോകസിനിമയുടെ കാഴ്ചകളിലാകും കേരളത്തിലെ രാജ്യാന്തര ചലച്ചിത്രപ്രേമികൾ. ‘ഒന്നാണു നമ്മളെന്നു’ കൈകോർത്തുപിടിച്ച് അതിജീവനചരിത്രമെഴുതിയ കേരളം കൈവിടാത്ത ചലച്ചിത്രപ്രേമത്തിന്റെ കാഴ്ചയാണ് തിരുവനന്തപുരത്തെ വേദികളിൽ.

ഏഴു ദിവസം നീളുന്ന കാഴ്ചയുടെ ഉത്സവത്തിനാണ് തലസ്ഥാനത്തു കൊടിയേറിയത്. രാജ്യാന്തര ചലച്ചിത്ര മേള മുഖ്യമന്ത്രി പിണറായി വിജയൻ തിരി തെളിച്ചാണ് ഔദ്യോഗിക തുടക്കമിട്ടത്. പ്രളയത്തിനു ശേഷം കേരളം കലാരംഗത്തു തളർന്നിട്ടില്ലെന്നു ലോകത്തെ ബോധ്യപ്പെടുത്താൻ ഈ മേള ഉപകരിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. 

iffk-inaguration-more പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചു രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങിൽ മെഴുകുതിരി ദീപങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ തെളിച്ചപ്പോൾ. മഹേഷ് പഞ്ചു, ബീന പോൾ, നന്ദിത ദാസ്, ബുദ്ധദേവ്ദാസ് ഗുപ്ത, സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നേടിയ ഇറാനിയൻ സംവിധായകൻ മജീദ് മജീദി, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മന്ത്രി എ.കെ.ബാലൻ, അക്കാദമി ചെയർമാൻ കമൽ, മേയർ വി.കെ. പ്രശാന്ത്, എം.വിജയകുമാർ,റാണി ജോർജ് എന്നിവർ സമീപം. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

പൊതു ഖജനാവിൽ നിന്നു പണമെടുക്കാതെ ഡെലിഗേറ്റ് പാസിലൂടെയും സ്പോൺസർഷിപ്പിലൂടെയുമാണു മേള നടത്തുന്നത്. ഈ രീതി ഭാവിയിലും ആലോചിക്കാവുന്നതാണ്. മേളയിലെ സിനിമകൾ വിശാല മാനവികത പ്രതിഫലിപ്പിക്കുന്നതാണ്. ഏതു പ്രതിസന്ധിയിലും മനുഷ്യൻ എന്ന പരിഗണനയേ പാടുള്ളൂവെന്ന് ഈ ചിത്രങ്ങൾ പറയുന്നു. പ്രളയം സംസ്ഥാനത്തെ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാക്കി. കേരള ജനത അതിനെ ഒറ്റക്കെട്ടായി നേരിട്ടു. ചലച്ചിത്ര മേള പോലുള്ള സാംസ്കാരിക കൂട്ടായ്മകൾ പ്രസരിപ്പിച്ച മാനവിക മൂല്യങ്ങളാണ് ഈ ഐക്യം സാധ്യമാക്കിയതെന്നും പിണറായി പറഞ്ഞു.

ചലച്ചിത്രാസ്വാദകർ വിചാരിച്ചാൽ സർക്കാരിന്റെ പത്തു പൈസ പോലുമില്ലാതെ ഇതിനപ്പുറവും ചെയ്യാൻ സാധിക്കുമെന്നു തെളിയിച്ച മേളയാണിതെന്ന് ആധ്യക്ഷ്യം വഹിച്ച മന്ത്രി എ.കെ. ബാലൻ പറഞ്ഞു. മേളയ്ക്കു സ്ഥിരം വേദിയാണ് അടുത്ത നടപടിയെന്നും മന്ത്രി പറഞ്ഞു.

സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം (5 ലക്ഷം രൂപ) ഇറാനിയൻ സംവിധായകൻ മജീദ് മജീദിക്കു മുഖ്യമന്ത്രി സമ്മാനിച്ചു. ബംഗാളി സംവിധായകൻ ബുദ്ധദേവ്ദാസ് ഗുപ്തയും നടിയും സംവിധായികയുമായ നന്ദിതാ ദാസും മുഖ്യാതിഥികളായിരുന്നു.

മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മേയർ വി.കെ. പ്രശാന്ത്, ചലച്ചിത്ര അക്കാദമി അധ്യക്ഷൻ കമൽ, കെടിഡിസി ചെയർമാൻ എം. വിജയകുമാർ, സാംസ്കാരിക സെക്രട്ടറി റാണി ജോർജ്, ചലച്ചിത്ര അക്കാദമി ഉപാധ്യക്ഷ ബീന പോൾ, സെക്രട്ടറി മഹേഷ് പഞ്ചു എന്നിവർ പ്രസംഗിച്ചു. ആറു ഭൂഖണ്ഡങ്ങളിലെ 72 രാജ്യങ്ങളിൽ നിന്നായി 164 ചിത്രങ്ങളാണു മേളയിലെത്തുന്നത്. ലോകസിനിമാ വിഭാഗത്തിൽ 92 ചിത്രങ്ങളുണ്ട്. 

inagural-movie-iffk ‘എവരിബഡി നോസ്’ എന്ന ചിത്രത്തിൽ നിന്ന്.

ആസ്വാദകഹൃദയം കവർന്ന് എവരിബഡി നോസ്

ഇറാനിയൻ സംവിധായകൻ അസ്ഗർ ഫർഹാദിയുടെ 'എവരിബഡി നോസ്' രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചു. വൈകിട്ട് ആറിന് ഉദ്ഘാടന സമ്മേളനത്തിനു ശേഷം നിശാഗന്ധിയിലായിരുന്നു പ്രദർശനം. സഹോദരിയുടെ വിവാഹത്തിനു അർജന്റീനയിൽ നിന്നു സ്പെയിനിലെത്തുന്ന യുവതിയുടെ മകളെ മോചന ദ്രവ്യമാവശ്യപ്പെട്ടു തട്ടിക്കൊണ്ടു പോകുന്നതിനെ തുടർന്നുള്ള സംഭവങ്ങളാണു ചിത്രത്തിന്റെ പ്രമേയം. സൈക്കോ ത്രില്ലർ വിഭാഗത്തിൽ പെട്ട ഈ ചിത്രം  കാൻ മേളയിലും ഉദ്ഘാടന ചിത്രമായിരുന്നു. മികച്ച വിദേശ  ഭാഷാ ചിത്രത്തിനുള്ള ഓസ്‌കർ നോമിനേഷൻ  ലഭിച്ച സെപറേഷൻ, ദി സെയിൽസ്മാൻ, തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് അസ്ഗർ ഫർഹാദി.

കേരളത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നെന്ന് മജീദ് മജീദി

iffk-crowd ചലച്ചിത്ര മേളയുടെ ഉദ്ഘാടനത്തിന്റെ സദസ്. നിശാഗന്ധിയിൽ നിന്ന്.

പ്രളയത്തെ അതിജീവിച്ച കേരളത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നു രാജ്യാന്തര ചലച്ചിത്ര മേളയിൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ഏറ്റുവാങ്ങി പ്രമുഖ ഇറാനിയൻ സംവിധായകനും മേളയുടെ ജൂറി അധ്യക്ഷനുമായ മജീദ് മജീദി പറഞ്ഞു.

പ്രേക്ഷകരുടെ അംഗീകാരമാണു പുരസ്‌കാരങ്ങളെക്കാൾ വിലമതിക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാട്ടിലെ ചലച്ചിത്രമേളയിൽ പങ്കാളിയാകാൻ കഴിഞ്ഞതു തന്റെ ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു.