ആലപ്പുഴ ∙ കവിതാവിവാദത്തിൽപ്പെട്ട അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് നൽകിയ മാർക്കിനു വിലയില്ല. സംസ്ഥാന കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മലയാളം ഉപന്യാസത്തിന് എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനം പുതിയ മാർക്കിട്ടു ഫലം പ്രഖ്യാപിച്ചു. ഹയർ അപ്പീൽ കമ്മിറ്റി അംഗമാണ് സന്തോഷ് ഏച്ചിക്കാനം.
യുവജന, വിദ്യാർഥി സംഘടനകളുടെ പ്രതിഷേധങ്ങൾക്കു പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ബിനു ചുള്ളിയിൽ പരാതി നൽകിയതോടെയാണു ദീപ നിശാന്ത് നടത്തിയ മൂല്യനിർണയം റദ്ദാക്കിയത്. ദീപ നിശാന്ത് വിധികർത്താവായി എത്തുന്നതറിഞ്ഞപ്പോൾ മുതൽ കലോത്സവ വേദിയിൽ പ്രതിഷേധവും ശക്തിപ്പെട്ടിരുന്നു. മൂല്യനിർണയത്തിന് ആദ്യം നിശ്ചയിച്ച സ്ഥലം പോലും മാറ്റേണ്ടിവന്നു. ദീപ ഉൾപ്പെട്ട വിവാദം കവിതയിലാണെന്നും ഉപന്യാസ മൂല്യനിർണയത്തിന് അതു തടസ്സമല്ലെന്നുമായിരുന്നു അധികൃതരുടെ ആദ്യ നിലപാട്. പ്രതിഷേധം ഒഴിയുന്നില്ലെന്നായപ്പോൾ, പരാതിയുണ്ടെങ്കിൽ പരിഗണിക്കാമെന്നായി. യൂത്ത് കോൺഗ്രസ് ഉടൻ പരാതി നൽകുകയും ചെയ്തു. അങ്ങനെയാണു രണ്ടാം മൂല്യനിർണയം നടന്നത്.
പരാതി പരിഗണിച്ച പതിമൂന്നംഗ ഹയർ അപ്പീൽ കമ്മിറ്റി ദീപയുടെ മൂല്യനിർണയം റദ്ദാക്കുകയായിരുന്നെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻ കുമാർ പറഞ്ഞു. ഇന്നലെ ഉച്ചയോടെയായിരുന്നു ഫലപ്രഖ്യാപനം. അഞ്ചു പേർക്ക് എ ഗ്രേഡുണ്ട്.