കോട്ടയം∙ ശബരിമല ദർശനത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡർമാരെ പൊലീസ് എരുമേലിയിൽ തടഞ്ഞു തിരിച്ചയച്ചത് വിവാദത്തിൽ. വസ്ത്രധാരണ സ്വാതന്ത്ര്യത്തെയും സഞ്ചാര സ്വാതന്ത്ര്യത്തെയും ഉൾപ്പെടെ ചോദ്യം ചെയ്തെന്ന് ആരോപിച്ച സംഘം കോട്ടയത്തെത്തി ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു പരാതി നൽകി. ഒരു തരത്തിലുമുള്ള പ്രതിഷേധങ്ങൾ ഇല്ലാതിരുന്നിട്ടും പൊലീസ് തിരിച്ചയച്ചെന്നും അപമാനിച്ചെന്നുമാണു ആരോപണം. പരാതിയെപ്പറ്റി അന്വേഷിക്കാൻ ജില്ലാ പൊലീസ് മേധാവി സ്പെഷൽബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.
ഇന്നലെ പുലർച്ചെ മൂന്നരയോടെയാണു രഞ്ജു, അനന്യ, അവന്തിക വിഷ്ണു, തൃപ്തി ഷെട്ടി എന്നിവരടങ്ങുന്ന ട്രാന്‍സ്‌ജെന്‍ഡർമാരുടെ സംഘം എരുമേലിയിലെത്തിയത്. എറണാകുളം പൊലീസിന്റെ സംരക്ഷണയിലാണു കെട്ടു നിറച്ചു പുറപ്പെട്ടതെന്നു സംഘത്തിലുണ്ടായിരുന്ന അനന്യ പറഞ്ഞു. എരുമേലിയിൽ എത്തുന്നതിനു മുൻപു തന്നെ പൊലീസ് ഫോണിൽ ബന്ധപ്പെട്ടെന്നും എരുമേലി സ്റ്റേഷനിൽ എത്താൻ നിർദേശിച്ചെന്നും ഇവർ പറയുന്നു.
സ്റ്റേഷനിലെത്തിയപ്പോൾ ഡിവൈഎസ്പിയും വനിതാ പൊലീസും ഉൾപ്പെടെ മോശമായി പെരുമാറുകയും അധിക്ഷേപിച്ചു സംസാരിക്കുകയും ചെയ്തുവെന്നാണ് ആരോപണം. കറുത്ത സാരിയുടുത്ത തങ്ങളോട് പുരുഷൻമാരുടെ വേഷത്തിൽ മാത്രമേ പോകാവൂ എന്നു നിർദേശിച്ചു. ആദ്യം ഈ നിബന്ധനയ്ക്കു തയാറായില്ലെങ്കിലും ദർശനം നടത്തിയേ മടങ്ങൂ എന്ന ആഗ്രഹമുള്ളതിനാൽ സമ്മതിച്ചു. വേഷം മാറി ദർശനത്തിനു പോകാൻ തയാറായപ്പോൾ സംരക്ഷണം നൽകാനാവില്ലെന്നു പൊലീസ് നിലപാടെടുത്തെന്നും സംഘം ആരോപിച്ചു.
ഇവരെ കാറിൽ കൊണ്ടുവന്ന ഡ്രൈവർ പമ്പയിലേക്കുള്ള യാത്ര സാധ്യമല്ലെന്ന് അറിയിച്ചതോടെ സംഘവും ഡ്രൈവറുമായി തർക്കമുണ്ടായി. എരുമേലിയിലെ മറ്റു ഡ്രൈവർമാരും ഇവരെ പമ്പയ്ക്കു കൊണ്ടുപോകുന്നതിൽ വിമുഖത അറിയിച്ചു. ഇതോടെ ഇവരെത്തിയ കാറിൽത്തന്നെ കോട്ടയത്തേക്കു പൊലീസ് അകമ്പടിയോടെ മടക്കി അയച്ചു.
കോട്ടയത്തെത്തിയ സംഘം മാധ്യമങ്ങളെ കണ്ട ശേഷം ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകി. എന്നാൽ, ട്രാന്‍സ്‌ജെന്‍ഡർമാരുടെ ശബരിമല പ്രവേശനം സംബന്ധിച്ചു തീരുമാനമെടുക്കാൻ പൊലീസിനാവില്ലെന്നും ഹൈക്കോടതി നിരീക്ഷണ സമിതിയുടെ നിയമോപദേശം തേടുമെന്നും കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ പറഞ്ഞു. ഇതേ തുടർന്നു ഹൈക്കോടതി നിരീക്ഷണ സമിതി അംഗമായ ഡിജിപി എ.ഹേമചന്ദ്രനു പരാതി നൽകാൻ ഇവർ തിരുവനന്തപുരത്തേക്കു പോയി.
എരുമേലി മേഖലയുടെ സ്പെഷൽ ചുമതല നിലവിൽ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയായ എസ്.സുരേന്ദ്രനാണ് വഹിക്കുന്നത്. അതിനാൽ, ട്രാൻസ്ജെൻഡറുകൾ ഉന്നയിച്ച പരാതിയിൽ തീരുമാനം എടുക്കേണ്ടതും ആലപ്പുഴ എസ്പിയാണ്.