എംപാനൽ: കോടതിയെ പഴിചാരാൻ ശ്രമമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം ∙ കെഎസ്ആർടിസി വിഷയത്തിൽ കോടതിയെ പഴിചാരി രക്ഷപ്പെടാനുള്ള ശ്രമമാണു സർക്കാർ നടത്തുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. 4051 പേർക്ക് അതിവേഗ നിയമനം നൽകാനുള്ള കെഎസ്ആർടിസിയുടെ നീക്കം 2 മാസം മുൻപു നടത്തിയിരുന്നെങ്കിൽ സ്ഥിതി ഇത്ര വഷളാകുമായിരുന്നില്ല. എംപാനൽ ജീവനക്കാരെ പുറത്താക്കണമെന്നു തന്നെയായിരുന്നു കെഎസ്ആർടിസിയുടെ താൽപര്യമെന്നും എംഎൽഎ ആരോപിച്ചു.

എംപാനൽ ജീവനക്കാരെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി വേണ്ടവിധത്തിൽ കേസ് നടത്തിയില്ല. എംപാനൽ ജീവനക്കാരെ പിരിച്ചുവിടണമെന്ന രീതിയിൽ കെഎസ്ആർടിസി കത്തു നൽകി. പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ താൽപര്യങ്ങൾ പരിരക്ഷിച്ചുകൊണ്ടും എംപാനൽ ജീവനക്കാരെ നിലനിർത്തിക്കൊണ്ടുമുള്ള തീരുമാനമാണു സർക്കാർ എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അതിവേഗ നിയമനം നൽകിയ 4051 പേർ ജോലിക്ക് എത്താൻ സാധ്യതയില്ലാത്തതിനാൽ എംപാനൽ ജീവനക്കാരെ ജോലിയിൽ പ്രവേശിപ്പിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.