തിരുവനന്തപുരം∙ അപ്രതീക്ഷിത തൊഴിൽ നഷ്ടത്തിന്റെ വേദനകൾ അധികാരികളെ ബോധ്യപ്പെടുത്താൻ ആലപ്പുഴയിൽ നിന്നാരംഭിച്ച കെഎസ്ആർടിസി എംപാനൽ കണ്ടക്ടർമാരുടെ ലോങ് മാർച്ചിനു സെക്രട്ടേറിയറ്റിനു മുന്നിൽ കണ്ണീരിൽ കുതിർന്ന സമാപനം. പുറത്താക്കിയ മൂവായിരത്തോളം എം പാനൽ കണ്ടക്ടർമാർ തൊഴിൽ സംരക്ഷണമാവശ്യപ്പെട്ടു നടത്തിയ ലോങ് മാർച്ചിന്റെ ആവേശത്തെ അപ്രതീക്ഷിതമായി ഇടയ്ക്കു പെയ്ത മഴയ്ക്കും കെടുത്താനായില്ല.
കേശവദാസപുരത്തു നിന്നാണു അവസാന ദിവസത്തെ പര്യടനം ആരംഭിച്ചത്. തങ്ങളുടെ പ്രതിഷേധവും നൊമ്പരങ്ങളും അറിയിച്ചുകൊണ്ടു 165 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചാണ് ഇവർ ഭരണസിരാകേന്ദ്രത്തിനു മുന്നിലെത്തിയത്. കുട്ടികൾ ഉൾപ്പെടെ കുടുംബാംഗങ്ങളും സമരത്തിന്റെ ഭാഗമായി മുൻനിരയിൽ അണിചേർന്നു.
ഇതര സംസ്ഥാന തൊഴിലാളികൾക്കു നൽകുന്ന പരിഗണന പോലും കെഎസ്ആർടിസി മാനേജ്മെന്റ് ദീർഘകാലം സേവനം ചെയ്ത എംപാനലുകാരോടു കാട്ടിയില്ലെന്നു സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത ജാഥാ ക്യാപ്റ്റൻ ദിനേശ് ബാബു പറഞ്ഞു. മനുഷ്യത്വമില്ലാത്തവർക്കു മാത്രമേ ഇൗ നിസ്സഹായരുടെ ദുരിതം കണ്ടില്ലെന്നു നടിക്കാനാകൂ. ആയുസ്സും ആരോഗ്യവും ഉൗറ്റിയെടുത്ത ശേഷം ചണ്ടികളെപ്പോലെ വലിച്ചെറിയാനുള്ള നീക്കം നോക്കിനിൽക്കില്ല. പിഎസ്‍സി നിയമനത്തിന് ആരും എതിരല്ല. എന്നാൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമാനുസൃതം നിയമനം കിട്ടിയവരാണ് എംപാനലുകാർ എന്നതും മറക്കരുത്. അവകാശങ്ങൾ നേടിയെടുക്കുന്നതു വരെ സമരം തുടരും. ജീവനക്കാരെ വെട്ടിക്കുറച്ചു ലാഭമുണ്ടാക്കാനാണെങ്കിൽ സുശീൽ ഖന്ന കമ്മിറ്റിയെ പഠനത്തിനായി നിയോഗിക്കേണ്ടിയിരുന്നില്ല. പകരം ഇതര സംസ്ഥാന തൊഴിലാളികളെ ഏൽപിച്ചാൽ മതിയായിരുന്നെന്നും ദിനേശ് ബാബു പറഞ്ഞു.
അസംഘടിതരായ എംപാനൽ ജീവനക്കാരെ സംരക്ഷിക്കുന്നതിനു ട്രേഡ് യൂണിയനുകൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്നു കെഎസ്ആർടിഇയു (സിഐടിയു ) ജനറൽ സെക്രട്ടറി സി.കെ. ഹരികൃഷ്ണൻ പറഞ്ഞു. എം.ജി. രാഹുൽ (കെഎസ്ടിഇയു -എഐടിയുസി), ആർ. ശശിധരൻ (കെഎസ്ടിഡബ്ല്യു ഐഎഎൻടിയുസി), ജോഷി എന്നിവർ പറഞ്ഞു.