മലപ്പുറം∙ എംപാനൽ കണ്ടക്ടർ തസ്തികയിൽനിന്നു പിരിച്ചുവിട്ടതിനു പിന്നാലെ പിഎസ്‌സി വഴി കെഎസ്ആർടിസിയിൽ കണ്ടക്ടറായി തിരിച്ചെത്തി 2 പേർ. തിരുവനന്തപുരം സ്വദേശി ശ്രീലത മലപ്പുറം ഡിപ്പോയിലും കോട്ടയം സ്വദേശി സന്തോഷ് കാഞ്ഞങ്ങാട് ഡിപ്പോയിലുമാണ് ഇന്നലെ ജോലിയുടെ രണ്ടാംഘട്ടത്തിനു തുടക്കമിട്ടത്. 9 വർഷത്തെ തൊഴിൽപരിചയമുള്ള ശ്രീലതയും 11 വർഷത്തെ പരിചയമുള്ള സന്തോഷും പരിശീലനഘട്ടം ഇല്ലാതെ നേരിട്ടു ജോലിയിലേക്കു കടന്നു. 2013ലെ പിഎസ്‌സി പട്ടികയിൽ ഉൾപ്പെട്ടവരാണ് ഇരുവരും.
എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ട ഹൈക്കോടതിവിധിക്കു ശേഷം ജോലിക്കുകയറുന്ന ആദ്യ സ്ഥിരം കണ്ടക്ടർമാരാണ് 2 പേരും. നെടുമങ്ങാട് ബാങ്കവിള ‘ശ്രീനിലയത്തി’ൽ ശ്രീലത പാലോട് ഡിപ്പോയിൽ എംപാനൽ കണ്ടക്ടർ ആയിരുന്നു. ഇന്നലെ രാവിലെ പത്തോടെ മലപ്പുറം ഡിപ്പോയിലെത്തി രേഖകളിൽ ഒപ്പുവച്ചു. ഉച്ചയ്ക്ക് രണ്ടിനുള്ള കോഴിക്കോട്– പാലക്കാട് ബസിൽ ജോലി തുടങ്ങി.
പൊൻകുന്നം ഡിപ്പോയിൽ എംപാനൽ കണ്ടക്ടറായിരുന്നു കോട്ടയം ചെറുവള്ളി സ്വദേശി സന്തോഷ്. കാഞ്ഞങ്ങാട് – ചന്ദ്രഗിരി – കാസർകോട് ബസിലായിരുന്നു ഇന്നലത്തെ ജോലി. പുതിയ കണ്ടക്ടർമാർക്ക് ടിക്കറ്റ് റാക്ക് നൽകി ‘പണി പഠിപ്പിക്കണം’ എന്നാണ് നിർദേശമെങ്കിലും സന്തോഷിനും ശ്രീലതയ്ക്കും ടിക്കറ്റ് മെഷീൻ ആണ് ഇന്നലെ നൽകിയത്.