കൊച്ചി ∙ യുവനടിയെ ഉപദ്രവിച്ച കേസിന്റെ അന്വേഷണം സിബിഐക്കു വിടണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. പൊലീസ് നടത്തിയതു ദുരുദ്ദേശ്യപരവും പക്ഷപാതപരവുമായ അന്വേഷണമാണെന്ന ഹർജിക്കാരന്റെ വാദത്തിനു ബലമേകാൻ വസ്തുതകളില്ല. സിബിഐക്കോ മറ്റേതെങ്കിലും ഏജൻസിക്കോ അന്വേഷണം കൈമാറാൻ തക്ക കാരണങ്ങൾ സ്ഥാപിക്കാനാവുന്നില്ലെന്നും കോടതി വ്യക്തമാക്കി.
സംഭവത്തിൽ അറിവോ പങ്കോ ഇല്ലാത്ത തന്നെ കേസിലെ പ്രതി ഉന്നയിച്ച വ്യാജ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ തെറ്റായി പ്രതി ചേർത്തെന്ന് ആരോപിച്ചാണു ദിലീപ് ഹർജി നൽകിയത്. സത്യം കണ്ടെത്താൻ സംസ്ഥാന പൊലീസിന്റെ നിയന്ത്രണത്തിലല്ലാത്ത സ്വതന്ത്ര ഏൻസി അന്വേഷിക്കണമെന്നും പറഞ്ഞു. കുറ്റപത്രം നൽകിയെങ്കിലും ദൃശ്യങ്ങൾ പകർത്താനുപയോഗിച്ച മൊബൈൽ ഫോൺ കണ്ടെടുത്തില്ലെന്നും മെമ്മറി കാർഡിലുള്ള ദൃശ്യങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും ദിലീപ് ആരോപിച്ചു.
എന്നാൽ, മൊബൈൽ കണ്ടെടുത്തില്ലെന്നതു പ്രോസിക്യൂഷനെ ഒരു തരത്തിലും ബാധിക്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ബോധിപ്പിച്ചു. മെമ്മറി കാർഡിലുള്ള ദൃശ്യങ്ങളിൽ കൃത്രിമം നടന്നിട്ടില്ലെന്നു ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തിയെന്നും ഒറിജിനൽ ദൃശ്യങ്ങളുടെ ശരിപകർപ്പു തന്നെയാണതെന്നും അറിയിച്ചു. ഏതായാലും ഇക്കാര്യങ്ങൾ തെളിവെടുപ്പിന്റെ വേളയിൽ വിലയിരുത്തേണ്ടതാണെന്ന് കോടതി വ്യക്തമാക്കി.
തന്നോടു ശത്രുതയുള്ള സംവിധായകൻ ശ്രീകുമാർ മേനോൻ, നിർമാതാവ് ലിബർട്ടി ബഷീർ എന്നിവരുടെ സ്വാധീനത്തിൽ കേസിൽ തന്നെ തെറ്റായി ഉൾപ്പെടുത്തിയതാണെന്ന് ഹർജിക്കാരൻ ആരോപിച്ചിരുന്നു. എന്നാൽ, ഇവർക്കെതിരെയുള്ളതു വെറും ആരോപണങ്ങൾ മാത്രമാണെന്നും അതു സിബിഐ അന്വേഷണത്തിനു നിർദേശിക്കാൻ പര്യാപ്തമല്ലെന്നും കോടതി വ്യക്തമാക്കി. മറ്റൊരു ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെടാൻ കാരണമായി പക്ഷപാതിത്വം ആരോപിക്കുകയും അന്വേഷണം ശരിയല്ലെന്നു വാദിക്കുകയും ചെയ്യുന്നതിൽ കഴമ്പില്ലെന്ന് കോടതി വിലയിരുത്തി.
ദിലീപ് സിബിഐ അന്വേഷണ ഹർജി നൽകിയിട്ടുള്ളതു വിചാരണ വൈകിപ്പിക്കാനാണെന്ന് സർക്കാർ ആരോപിച്ചു. സത്യസന്ധവും നിയമപരവുമായ അന്വേഷണമാണു നടത്തിയതെന്നും അന്വേഷണത്തിൽ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നും പൊലീസ് ബോധിപ്പിച്ചു. അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകിയ കേസാണിതെന്നും അറിയിച്ചു.