Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒന്നര മാസം ഷൂട്ടുണ്ട്, ജർമനിയിൽ പോകാൻ അനുവദിക്കണം: ദിലീപ്

Dileep ദിലീപ്

കൊച്ചി∙ യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ പ്രതിയായ നടൻ ദിലീപ് വിദേശയാത്രയ്ക്ക് അനുമതി തേടി വീണ്ടും കോടതിയെ സമീപിച്ചു. ഒന്നര മാസം ജർമനിയിൽ പോയി സിനിമ ചിത്രീകരിക്കാൻ അനുവാദം നൽകണമെന്നാണ് ആവശ്യം. കേസിൽ വിചാരണ വൈകിപ്പിക്കാനുള്ള പ്രതിഭാഗത്തിന്റെ ആസൂത്രിത നീക്കമാണിതെന്നു പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചു.

ഡിസംബർ 15 മുതൽ ജനുവരി 30 വരെ ജർമനിയിലെ ഫ്രാങ്ക്ഫുർട്ടിൽ പോവുന്നതിനാണു ദിലീപ് പാസ്പോർട്ട് തിരികെ ആവശ്യപ്പെട്ടത്. എന്നാൽ കുറ്റപത്രം സമർപ്പിച്ചു വിചാരണയ്ക്കു കാത്തിരിക്കുന്ന കേസ്, പ്രതിയുടെ വിദേശയാത്ര കാരണം വൈകാൻ ഇടവരുന്നതു കുറ്റകൃത്യത്തിന് ഇരയായ സ്ത്രീയോടുള്ള അവഹേളനവും നീതിനിഷേധവുമാണെന്ന് പ്രോസിക്യൂഷൻ നിലപാടെടുത്തു.

നടിയെ ഉപദ്രവിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ച് ഒരു വർഷമായിട്ടും വിചാരണ തുടങ്ങാൻ കഴി‌ഞ്ഞിട്ടില്ല. ദിലീപ് അടക്കമുള്ള മുഖ്യപ്രതികൾ നിരന്തര ഹർജികളുമായി നടപടികൾ തടസപ്പെടുത്തുകയാണ്. ഇതു നീതിനിർവഹണം തടസ്സപ്പെടുത്താനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. ദിലീപിന്റെ വിദേശയാത്രയിൽ ഒപ്പം കൊണ്ടുപോകുന്നവരുടെ വിവരങ്ങൾ, ഇവരുടെ താമസം തുടങ്ങിയ കാര്യങ്ങൾ മറച്ചു വച്ചാണു ഹർജി സമർപ്പിച്ചിരിക്കുന്നത്.

കേസിലെ പ്രധാന സാക്ഷികൾ പലരും സിനിമാ രംഗത്തുള്ളവരായതിനാൽ പ്രതികളുടെ ഇത്തരം യാത്രകൾ പ്രത്യേകം നിരീക്ഷിക്കണമെന്നും പ്രോസിക്യൂഷൻ നിലപാടെടുത്തു. എന്നാൽ വീസ സ്റ്റാംപു ചെയ്യാൻ അനുവദിക്കണമെന്നും കോടതിയുടെ ഏതു നിബന്ധനയും അംഗീകരിക്കാമെന്നും ദിലീപ് കോടതിയെ അറിയിച്ചു. കേസ് ഈ മാസം 9നു വീണ്ടും പരിഗണിക്കും.

related stories