ഓഖി ഫണ്ട് വിനിയോഗം: സംശയമുണ്ടെന്ന് ആർച്ച് ബിഷപ് ഡോ. സൂസപാക്യം

തിരുവനന്തപുരം∙ ഓഖി ഫണ്ട് വിനിയോഗത്തിൽ സംശയമുണ്ടെന്നു കെസിബിസി അധ്യക്ഷൻ ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം. പരസ്പരവിരുദ്ധ കണക്കുകളാണു കേൾക്കുന്നത്. ചെലവാക്കുമെന്നു സർക്കാർ പറഞ്ഞതിന്റെ പാതി പോലും ചെലവാക്കിയിട്ടില്ല. 100 കോടിയിലേറെ രൂപയുടെ കണക്കുകൾക്ക് ഇപ്പോഴും വ്യക്തതയില്ല. കണക്കുകൾ സുതാര്യമാകണം.

ജനങ്ങളുടെ സംശയങ്ങൾക്കു മറുപടി പറയേണ്ട ബാധ്യത സർക്കാരിനുണ്ട്.. വനിതാ മതിൽ സംബന്ധിച്ചു രാഷ്ട്രീയമായ അഭിപ്രായം പറയുന്നില്ലെന്ന് ആർച്ച് ബിഷപ് പറഞ്ഞു. കെസിബിസി നിലപാട് വ്യക്തമാക്കിയതാണ്. സമഗ്രമായ ഉദ്ദേശ്യമെങ്കിൽ എല്ലാവരെയും ഒന്നിച്ചു മുന്നോട്ടു കൊണ്ടുപോകണം. അതു തീരുമാനിക്കേണ്ടതു സർക്കാരാണ്.

എന്നാൽ, വിശ്വാസികളുടെ വ്യക്തിപരമായ രാഷ്ട്രീയ താൽപര്യങ്ങളിൽ സഭ ഇടപെടില്ല. സഭാതർക്കവും തെരുവിലേക്കു മാറുന്ന സമരരീതികളും നാണക്കേടാണ്. ആരാണ് ശരി, തെറ്റ് എന്നു പറയുന്നില്ല. സമ്മർദം ഇരുകൂട്ടർക്കുമുണ്ട്. പരസ്പരം വിട്ടുവീഴ്ച ചെയ്യണം. തർക്കങ്ങളിൽ വേദനയുണ്ട്. ഐക്യമുണ്ടാകാത്തതു വീഴ്ചയാണെന്നും ആർച്ച്ബിഷപ് പറഞ്ഞു.