അഗളി (പാലക്കാട്) ∙ അട്ടപ്പാടിയിൽ വീണ്ടും ആദിവാസി നവജാതശിശു മരണം. അഗളി നെല്ലിപ്പതി ഊരിലെ ദമ്പതികളുടെ ആൺകുട്ടിയാണ് പ്രസവത്തോടെ മരിച്ചത്. 19നാണ് കോട്ടത്തറ ഗവ. ട്രൈബൽ ആശുപത്രിയിൽ പ്രസവത്തിനായി യുവതിയെ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ സ്ത്രീരോഗ വിദഗ്ധരിൽ ഒരാൾ മൂന്നു മാസമായി അവധിയിലും മറ്റൊരാൾ പരിശീലനത്തിലുമാണ്.
യുവതിയുടെയും ഗർഭസ്ഥശിശുവിന്റെയും നില ഗുരുതരമായ സാഹചര്യത്തിൽ ശസ്ത്രക്രിയ ആവശ്യമായതിനെ തുടർന്ന് ആനക്കട്ടിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. 21ന് രാത്രി 11ന് ശസ്ത്രക്രിയ നടത്തിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. മൂന്നു കിലോയിലേറെ തൂക്കമുണ്ടായിരുന്നു കുട്ടിക്ക്. യുവതിയുടെ രണ്ടാമത്തെ പ്രസവമാണ്. 12 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇവർ ഗർഭിണിയായത്.
ഇതോടെ, ഈ വർഷം അട്ടപ്പാടിയിൽ മരിച്ച കുട്ടികളുടെ എണ്ണം 15 ആയി. ഇതിൽ 6 കുട്ടികൾ മുലപ്പാൽ ശ്വാസകോശത്തിൽ ചെന്നാണു മരിച്ചത്. പോഷകാഹാരക്കുറവു മൂലമുള്ള മരണം ഈ വർഷം ഉണ്ടായിട്ടില്ലെന്ന് അധികൃതർ പറയുന്നു.