വയറുവീർത്തു വരുമ്പോഴാണു ഗർഭമാണെന്ന് അവൾ പോലുമറിയുന്നത്. അപ്പോഴേയ്ക്ക് അഞ്ചോ ആറോ മാസം കഴിഞ്ഞിരിക്കും. ഗർഭവിവരം അറിഞ്ഞാൽ സർക്കാർ ചട്ടപ്പടി സഹായങ്ങൾ ഒഴുക്കും. വീട്ടുകാർ നോക്കട്ടെ എന്ന് ഉദ്യോഗസ്ഥരും ഉദ്യോഗസ്ഥർ നോക്കട്ടെ എന്നു വീട്ടുകാരും കരുതും. ദുർബലയായ ആ ഗർഭിണി പ്രസവിക്കുന്ന കുഞ്ഞു മരിക്കുമ്പോൾ അധികൃതർ കൈ കഴുകും – ‘എത്തിക്കേണ്ടതെല്ലാം എത്തിച്ചിരുന്നു, ചെയ്യേണ്ടതെല്ലാം ചെയ്തിരുന്നു’. അട്ടപ്പാടിയിൽ നടക്കുന്ന ഓരോ ആദിവാസി ശിശുമരണത്തിനു ശേഷവും ഇത്തരമൊരു കഥ കേൾക്കാം.
ഗർഭവിവരം പുറത്തുപറയാൻ ആദിവാസി പെൺകുട്ടികൾ മടിക്കും. ആശാ വർക്കർമാരും ആരോഗ്യവകുപ്പു ജീവനക്കാരും ചോദിച്ചാലും പറയില്ല. പലർക്കും ആർത്തവത്തെക്കുറിച്ചും ഗർഭധാരണത്തെക്കുറിച്ചും അറിവില്ല. ഭർത്താവിനും വീട്ടുകാർക്കും അത്രപോലും ജാഗ്രത കാണില്ല. സർക്കാർ നൽകുന്ന സഹായം ഗർഭിണിക്കു കിട്ടണമെന്നില്ല. കിട്ടുന്ന പണം പുരുഷൻമാർ മദ്യപിച്ചു നശിപ്പിക്കും. വിളറി വെളുത്ത്, ആരോഗ്യമില്ലാത്ത പെൺകുട്ടിക്ക് ഗർഭത്തിന്റെ അവസാനഘട്ടത്തിൽ മരുന്നും പോഷകാഹാരവും നൽകിയിട്ടു കാര്യമൊന്നുമില്ല.
ശിശുമരണം ഒരു സൂചനയാണ്. അട്ടപ്പാടിയിൽ ആദിവാസികൾക്കിടയിൽ വികസനമെന്ന പേരിൽ എന്തൊക്കെയോ അടിച്ചേൽപിച്ചതിന്റെ അനന്തരഫലം. പരമ്പരാഗതമായ ഭക്ഷണശീലങ്ങളും ആരോഗ്യപരമായ ജീവിതശൈലിയുമുണ്ടായിരുന്നവരിൽ പുതിയ ശീലങ്ങൾ അടിച്ചേൽപിച്ചു. ഇലകളും കിഴങ്ങും തേനും കഴിച്ചിരുന്ന, റാഗിയും തിനയും ചോളവുമെല്ലാം ആഹാരത്തിന്റെ ഭാഗമായിരുന്ന അവർക്കു സൗജന്യമായി റേഷനരി വിതരണം ചെയ്തു. സമൂഹ അടുക്കളയെന്ന പേരിൽ ചോറും സാമ്പാറും കൊടുത്തു. വിശപ്പു മാറുമെങ്കിലും ശരീരത്തിന്റെ വളർച്ചയ്ക്കു വേണ്ട പോഷകങ്ങൾ കിട്ടാതെയായി. വിളർച്ച പോലെയുള്ള പ്രശ്നങ്ങളായി. മദ്യവും പുകയിലയും അവരെ തളർത്തി. ഇത്തരം അനാരോഗ്യകരമായ സാഹചര്യത്തിലാണ് ഒരു പെൺകുട്ടി ഗർഭിണിയാകുന്നത്.
സർക്കാർസഹായം ഒട്ടേറെ ലഭിക്കുന്നുണ്ട്. എല്ലാ വകുപ്പുകളിലും ഉദ്യോഗസ്ഥരുണ്ട്, പദ്ധതികളുണ്ട്. എന്നാൽ, കൃത്യമായ രീതിയിൽ അർഹർക്കു ലഭിക്കുന്നില്ല. വെള്ളാനകളാകുന്ന സർക്കാർ പദ്ധതികൾ നിർത്തണം. അട്ടപ്പാടിയിലെ ജോലി പീഡനം പോലെയാണു പല സർക്കാർ ഉദ്യോഗസ്ഥരും കാണുന്നത്. ആദിവാസികൾക്കൊപ്പം പ്രവർത്തിക്കാൻ താൽപര്യമുള്ളവരെ നിയോഗിക്കണം. അത്തരമാളുകൾ ഒട്ടേറെയുണ്ട് സർക്കാർ സർവീസിൽ. ആദിവാസി വിഭാഗത്തിൽ നിന്നു പഠിപ്പുള്ളവർക്കു ജോലി കൊടുക്കണം. തങ്ങളുടെ ഭാഷയിൽ സംസാരിക്കുന്നവർ വന്നാൽ അവർ മനസ്സു തുറക്കുമെന്നത് ആരോഗ്യമേഖലയിൽ ഉൾപ്പെടെ ഗുണകരമാകും. ആദിവാസിഭാഷ സംസാരിക്കുന്ന അധ്യാപകരെ സ്കൂളുകളിൽ നിയോഗിച്ച പദ്ധതി ഗുണപ്രദമായിരുന്നു. ഒരാൾക്കു സർക്കാർ ജോലി ലഭിക്കുമ്പോൾ ആ കുടുംബമാകെ രക്ഷപ്പെടും.
പ്രളയകാലത്തു കേരളത്തിൽ സേവനം ചെയ്യാനെത്തിയവരെ നമ്മൾ കണ്ടു. ആദിവാസികൾക്കിടയിൽ സന്നദ്ധപ്രവർത്തനത്തിനു വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ളവർ തയാറാണ്. പല കമ്പനികളും തങ്ങളുടെ സാമൂഹിക സേവന ഫണ്ട് നൽകാൻ തയാറാണ്. സർക്കാരിന്റെ കർശന മേൽനോട്ടത്തിൽ ഇവരുടെ സേവനം വിനിയോഗിക്കണം. ആത്മാർഥതയുള്ളവർ വന്നു സേവനം ചെയ്യട്ടെ.
ഇപ്പോഴുള്ള രീതി തുടർന്നാൽ ഇനിയും ശിശുമരണങ്ങൾ ഉണ്ടാകും. ഗർഭിണിയാകുമ്പോൾ പരിഹരിക്കേണ്ട പ്രശ്നം മാത്രമല്ല ഇത്. പെൺകുട്ടി പ്രായപൂർത്തിയാകും മുൻപേ തന്നെ പോഷകാഹാരം നൽകിത്തുടങ്ങണം. കുഞ്ഞുങ്ങൾ നമ്മുടേതാണെന്നും സർക്കാരിന്റേതല്ലെന്നും ഓരോ അമ്മയ്ക്കും ബോധ്യമുണ്ടാകണം. അതിനുള്ള സാമൂഹിക വിദ്യാഭ്യാസമാണ് അട്ടപ്പാടിയിൽ നൽകേണ്ടത്.
(സാമൂഹിക പ്രവർത്തകയായ ലേഖിക അട്ടപ്പാടിയിൽ എ.പി.ജെ. അബ്ദുൽ കലാം ഇന്റർനാഷനൽ റസിഡൻഷ്യൽ സ്കൂൾ നടത്തുന്നു)