ആലപ്പുഴ ∙ പൊലീസിലെ നർകോട്ടിക് സെല്ലുകൾ ഇനി മറ്റു ജോലികൾ ചെയ്യേണ്ട. പക്ഷേ, ‘ടാർഗറ്റ്’ ഉണ്ടാവും. ലഹരിവസ്തു നിയമം നടപ്പാക്കലും അനുബന്ധ ജോലികളും മാത്രമായിരിക്കും ഇനി ചുമതല. ലഹരിമരുന്നു കടത്തും ഉപയോഗവും വർധിക്കുന്നതിനെതിരെ തയാറാക്കുന്ന വിപുല പദ്ധതിയുടെ ഭാഗമായാണു ഡിജിപിയുടെ നിർദേശം. എല്ലാ ജില്ലയിലും നർകോട്ടിക് സെൽ ഡിവൈഎസ്പിക്കാണു സ്റ്റുഡന്റ് പൊലീസ് കെഡറ്റ് ചുമതല. ട്രാഫിക് പൊലീസിന്റെ നോഡൽ ഓഫിസറുമാണ്. പുറമേ ഗൗരവമുള്ള കേസുകളുടെ അന്വേഷണം, ആൾക്ഷാമമുള്ളപ്പോൾ ക്രമസമാധാന ചുമതല തുടങ്ങിയവയും വരും. ഇത്തരം ചുമതലകൾ ഏറുന്നതിനാൽ ലഹരിമരുന്നുമായി ബന്ധപ്പെട്ട നടപടികൾക്കു പ്രാമുഖ്യം നൽകാൻ കഴിയുന്നില്ലെന്നാണു വിലയിരുത്തൽ.
ലഹരിമരുന്നിനെതിരേയുള്ള നടപടികൾക്കു നർക്കോട്ടിക് സെല്ലുകൾ ഏറ്റവും അവസാനത്തെ പരിഗണനയേ നൽകുന്നുള്ളൂ എന്നാണു ഡിജിപിയുടെ നിരീക്ഷണം. സെല്ലിലെ ഉദ്യോഗസ്ഥരെ മറ്റു ചുമതലകൾ ഏൽപ്പിക്കണമെങ്കിൽ ഇനി ക്രൈം ബ്രാഞ്ച് എഡിജിപിയുടെ അനുമതി വേണം. നർകോട്ടിക് സെല്ലുകളുടെ ചുമതലക്കാരനായ ക്രൈം ബ്രാഞ്ച് എഡിജിപിയാണു സംസ്ഥാന തലത്തിൽ വിപുലമായ ഓപ്പറേഷൻ പദ്ധതി തയാറാക്കുന്നത്. ലഹരിവസ്തുക്കൾ തടയൽ, ശിക്ഷ, ബോധവൽക്കരണം എന്നിവയെല്ലാം ഉൾപ്പെടുത്തിയാണു പദ്ധതി. ജില്ലാ പൊലീസ് മേധാവിമാർ സെല്ലുകളുടെ നോഡൽ ഓഫിസർമാരായിരിക്കും. സെല്ലിന്റെ പ്രവർത്തനം അവർ നേരിട്ടു വിലയിരുത്തും. മാസം തോറും എഡിജിപിയുടെ വിലയിരുത്തലും ഉണ്ടാവും.