Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വനിതാ മതിലിൽ കോൺഗ്രസുകാർ പങ്കെടുക്കരുതെന്നു മുല്ലപ്പള്ളി

Mullappally Ramachandran മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം∙നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനെന്ന പേരിൽ സർക്കാർ പണവും സംവിധാനങ്ങളും ദുരുപയോഗപ്പെടുത്തി സിപിഎം സംഘടിപ്പിക്കുന്ന വനിതാ മതിലിൽ കോൺഗ്രസ് പ്രവർത്തകർ പങ്കെടുക്കരുതെന്നു നിർദേശിച്ചു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പാർട്ടി കീഴ്ഘടകങ്ങൾക്കു കത്തയച്ചു.

സർക്കാർ ഖജനാവിൽ നിന്നു വനിതാ മതിലിന് ഒരു പൈസയും ചെലവാക്കില്ലെന്നു മുഖ്യമന്ത്രി നിയമസഭയിലും പുറത്തും ആവർത്തിച്ചു പറഞ്ഞെങ്കിലും പണം ചെലവഴിക്കുന്നതിന്റെ ന്യായീകരണമാണു കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്.എന്നിട്ടും സർക്കാർ പണം ചെലവഴിക്കില്ലെന്ന നുണ ആവർത്തിക്കുകയാണ് മുഖ്യമന്ത്രി. പ്രളയത്തിനിരയായി കിടപ്പാടം നഷ്ടപ്പെട്ടവർ ഇപ്പോഴും അന്യരുടെ വീടിന്റെ ടെറസിലും കടവരാന്തകളിലും അന്തിയുറങ്ങുമ്പോഴാണു സർക്കാരിന്റെ ഈ ധൂർത്ത്. മാപ്പർഹിക്കാത്ത തെറ്റാണ് ഇത്. അതിനാൽ ഈ സംരംഭത്തെ പ്രത്യക്ഷമായോ പരോക്ഷമായോ സഹായിക്കുന്ന ഒരു നടപടിയിലും കോൺഗ്രസുമായും യുഡിഎഫുമായും ബന്ധമുള്ള ആരും ഏർപ്പെടരുത്. ശക്തമായി എതിർത്തു തോൽപിക്കാൻ രംഗത്തിറങ്ങുകയും വേണം.

ശബരിമലയിലെ പ്രശ്നങ്ങൾക്കു കാരണം മുഖ്യമന്ത്രിയുടെ വിവേകശൂന്യമായ എടുത്തു ചാട്ടവും പിടിവാശിയും ആണ്. ശബരിമല വിഷയം ആളിക്കത്തിച്ചാൽ വർഗീയ വാദികൾ മുതലെടുപ്പു നടത്തി വളരുമെന്നും അതിലൂടെ ജനാധിപത്യ ശക്തികളെ തളർത്താമെന്നുമാണു മുഖ്യമന്ത്രിയുടെ ഗൂഢ ലക്ഷ്യമെന്നും മുല്ലപ്പള്ളി കത്തിൽ ചൂണ്ടിക്കാട്ടി. 

related stories