സംഘടനാ സംവിധാനമോ ഓഫിസോ ഇല്ല; പിറവി മുതലേ മലയാളിബന്ധമുള്ള മനിതി

മനിതി പ്രവർത്തകർ ശബരിമല കയറാനെത്തിയപ്പോൾ

ചെന്നൈ ∙ മനിതൻ എന്നാൽ മനുഷ്യൻ. അതിന്റെ സ്ത്രീലിംഗമാണു മനിതി. 2016ൽ പെരുമ്പാവൂരിൽ നിയമ വിദ്യാർഥിനി പീഡനത്തിനിരയായി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചു മറീന ബീച്ചിൽ സംഗമം നടത്തിയായിരുന്നു സംഘടനയുടെ തുടക്കം. ഇന്നു തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ കൂട്ടായ്മകളുണ്ട്. വിവിധ രാഷ്ട്രീയ നിലപാടുകാർ സംഘടനയിലുണ്ട്. അഭിഭാഷകർ മുതൽ വീട്ടമ്മമാർ വരെയുള്ളവർ. ആർക്കെതിരെയും കേസുകളില്ലെന്നു തമിഴ്നാട് പൊലീസ് അറിയിച്ചു.

തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലായി ഇരുനൂറിൽ താഴെ അംഗങ്ങൾ. സംഘടനാ സംവിധാനമോ ഓഫിസോ ഇല്ല. അംഗങ്ങളുടെ വീടുകളിലാണു യോഗം. തമിഴ്നാട്ടിലെ ജാതി കൊലപാതകങ്ങളുമായി ബന്ധപ്പെട്ടാണ് ശ്രദ്ധേയ പ്രവർത്തനം. ശബരിമലയിൽ പോകാൻ താൽപര്യമുണ്ടെന്നറിയിച്ച് ചില യുവതികൾ രംഗത്തു വന്നതോടെയാണു വിഷയം ചർച്ച ചെയ്തത്.

അംഗങ്ങളിൽ ചിലർ തന്നെ എതിർത്തിരുന്നുവെന്ന് ഇവർ സമ്മതിക്കുന്നു. എന്നാൽ, സ്ത്രീ വിവേചനത്തിനെതിരെയുള്ള പോരാട്ടമെന്ന നിലയിൽ മല കയറാൻ തീരുമാനിക്കുകയായിരുന്നു. നാൽപതിലേറെപ്പേർ ആദ്യം റജിസ്റ്റർ ചെയ്തിരുന്നെങ്കിലും അവസാനം പതിനഞ്ചിൽ താഴെയായി.

കോ– ഓർഡിനേറ്റർ സെൽവിയുടെ (40) നേതൃത്വത്തിലായിരുന്നു യാത്ര. ഇരുമുടിക്കെട്ടേന്തിയതു മുത്തുലക്ഷ്മി (28), കർപ്പകം (32), ശ്രീദേവി (40), ഈശ്വരി (40), സെൽവി (38), കല (53) എന്നിവർ. തിലകവതി (24) അഭിനയ (28) മധു (20) വിജയലക്ഷ്മി (36) എന്നിവർ പിന്തുണയുമായി ഒപ്പം നിന്നു. യാത്ര (36), മുത്തുലക്ഷ്മി (39), വസുമതി (39) എന്നിവർ വൈകിട്ടു പത്തനംതിട്ട വരെയെത്തി മടങ്ങി.