കൊച്ചി ∙ വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണക്കേസിൽ പ്രതിപ്പട്ടികയിലുള്ള സ്റ്റേഷൻ ഹൗസ് ഓഫിസർ എസ്ഐ ജി.എസ്.ദീപക്, അഡീ.എസ്ഐ ജയാനന്ദൻ, ഗ്രേഡ് എഎസ്ഐ സുധീർ, സീനിയർ സിപിഒ സന്തോഷ് ബേബി, സിപിഒമാരായ ശ്രീരാജ്, സുനിൽകുമാർ എന്നിവർക്ക് ഇന്നലെ നിയമന ഉത്തരവു ലഭിച്ചില്ല. റൂറൽ എസ്പി രാഹുൽ ആർ.നായർ ശബരിമല ഡ്യൂട്ടിയിലായതിനാൽ ഉത്തരവിൽ ഒപ്പു വയ്ക്കാൻ കഴിഞ്ഞില്ല.
സസ്പെൻഷൻ ഒഴിവാക്കി ഇവരെ സർവീസിൽ തിരിച്ചെടുക്കാൻ ഐജി വിജയ് സാക്കറെ നിർദേശിച്ചിരുന്നു. ഇവർക്കൊപ്പം സസ്പെൻഷനിലായ ക്രിസ്പിൻ സാമിനോടു തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തു ഹാജരാവാനാണു നിർദേശിച്ചത്. സംഭവ ദിവസം ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത റൂറൽ ടൈഗർ ഫോഴ്സ് (ആർടിഎഫ്) അംഗങ്ങളായ പി.പി.സന്തോഷ്കുമാർ, ജിതിൻ രാജ്, എം.എസ്.സുമേഷ് എന്നിവരെയും തിരിച്ചെടുക്കാൻ തീരുമാനമായിട്ടുണ്ട്. ഇവർക്കും നിയമന ഉത്തരവു നൽകേണ്ടതു റൂറൽ എസ്പിയാണ്.