സ്പെഷൽ ട്രെയിനുകളില്ല; റെയിൽവേ ജനത്തെ വിഡ്ഢികളാക്കുന്നു

കൊച്ചി ∙ ക്രിസ്മസ്, പുതുവൽസര സ്പെഷൽ ട്രെയിനുകൾ ഓടിക്കാത്തതു വിവാദമായതോടെ പരസ്പരം പഴി ചാരി രക്ഷപ്പെടാനുളള ശ്രമത്തിൽ റെയിൽവേ സോണുകൾ. ട്രാക്ക് അറ്റകുറ്റപ്പണിയുടെ പേരിൽ ട്രെയിനോടിക്കാൻ ദക്ഷിണ റെയിൽവേ  മറ്റു സോണുകൾക്കു അനുമതി നിഷേധിച്ചതാണു യാത്രക്കാർക്കു ദുരിതമായത്. ട്രെയിനോടിക്കാൻ സോണുകൾ അനുമതി തേടിയില്ലെന്ന നിലപാടിലാണു ദക്ഷിണ റെയിൽവേ. എന്നാൽ മധ്യ റെയിൽവേ പുണെയിൽ നിന്നു കേരളത്തിലേക്കു സ്പെഷലുകൾക്കു അനുമതി കിട്ടാതെ വന്നതോടെ മംഗളൂരു വരെ സർവീസ് നടത്തുകയാണ്. സംഭവം വിവാദമായതോടെ അവധി കഴിഞ്ഞുളള മടക്കയാത്രയ്ക്കെങ്കിലും ട്രെയിനുകളിൽ കോച്ചുകൾ‍ കൂട്ടാനുളള ശ്രമത്തിലാണു ദക്ഷിണ റെയിൽവേ.

ബെംഗളൂരു, ചെന്നൈ, മുംബൈ, ഡൽഹി റൂട്ടുകളിലാണു കൂടുതൽ തിരക്ക്. ബെംഗളൂരുവിലേക്ക് ഐലൻഡ് എക്സ്പ്രസിലും കൊച്ചുവേളി – ബെംഗളൂരു എക്സ്പ്രസിലും വെയ്റ്റിങ് ലിസ്റ്റ് ജനുവരി 2 വരെ ശരാശരി 350നു മുകളിലാണ്. ചെന്നൈയിലേക്ക് 270, നേത്രാവതിയിൽ മുംബൈയിലേക്കു 250, കേരള എക്സ്പ്രസിൽ ഡൽഹിയിലേക്കു 320 എന്നിങ്ങനെയാണു ഈയാഴ്ചയിലെ തിരുവനന്തപുരത്തു നിന്നുളള വെയ്റ്റ് ലിസ്റ്റ്.

കേരളത്തിനുളളിൽ പകൽ ട്രെയിനുകളിൽ പലതിലും കാലു കുത്താൻ കഴിയാത്ത തിരക്കാണ്. മലബാര്‍ ഉള്‍പ്പെടെ രാത്രികാല ട്രെയിനുകളിൽ 200നു മുകളിലാണു വെയ്റ്റ് ലിസ്റ്റ്. അന്ത്യോദയ റേക്ക് ഉപയോഗിച്ചു കോട്ടയം വഴി മലബാറിനു മുൻപിലായി സ്പെഷൽ ഓടിച്ചാൽ യാത്രക്കാർക്കു ഉപകാരപ്പെടും. ഏറ്റവും തിരക്കുളള ബെംഗളൂരുവിലേക്കു കൊച്ചുവേളി – ബാനസവാടി ഹംസഫർ ട്രെയിൻ ആഴ്ചയിൽ ഒരു സർവീസ് കൂടി നടത്താമെങ്കിലും ബെംഗളൂരു ഡിവിഷൻ തടസം നിൽക്കുകയാണ്. സ്വകാര്യ ബസുകളുടെ സമ്മർദം മൂലം ചില ഉദ്യോഗസ്ഥർ ട്രെയിനിന്റെ ഞായറാഴ്ച സർവീസിനു പാര വയ്ക്കുകയാണെന്നാണു ആക്ഷേപം.