മാവോയിസ്റ്റ് സാന്നിധ്യം: മൂന്ന് എസ്പിമാരെ ചുമതലപ്പെടുത്തി

തിരുവനന്തപുരം∙ കണ്ണൂരിലെ അമ്പായത്തോടു പ്രദേശത്തു മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചതിനാൽ അവരെ പിടികൂടുന്നതിനുള്ള തിരച്ചിൽ ഊർജിതമാക്കാൻ മൂന്നു ജില്ലാ പൊലീസ് മേധാവിമാരെ നിയോഗിച്ചതായി ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

പാലക്കാട് എസ്പി ദേബേഷ് കുമാർ ബെഹ്റ, വയനാട് എസ്പി ആർ. കറുപ്പസ്വാമി, കണ്ണൂർ എസ്പി ജി. ശിവവിക്രം എന്നിവർക്കാണു തിരച്ചിലിന്റെയും അന്വേഷണത്തിന്റെയും ചുമതല. കണ്ണൂർ റേഞ്ച് ഐജി ബെൽറാം കുമാർ ഉപാധ്യായ സ്ഥിതിഗതികൾ വിലയിരുത്തും. അമ്പായത്തോട് സംഭവം ചർച്ച ചെയ്യാൻ ഡിജിപിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണു തീരുമാനം.  

മാവോയിസ്റ്റ് സംഘത്തിലെ മൂന്നു പേരെ തിരിച്ചറിഞ്ഞു 

പേരാവൂർ (കണ്ണൂർ)∙ കൊട്ടിയൂർ പഞ്ചായത്തിലെ അമ്പായത്തോട്ടിൽ തോക്കുമായി പ്രകടനം നടത്തിയ നാലംഗ മാവോയിസ്റ്റ് സംഘത്തിലെ മൂന്നു പേരെ തിരിച്ചറിഞ്ഞു. വയനാട്ടിൽ കഴിഞ്ഞ ദിവസം എത്തിയ സംഘത്തിലുള്ളവരല്ല ഇവരെന്നു പൊലീസ്. മൊയ്തീൻ, രാമു,കവിത എന്ന കീർത്തി എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.

കൊട്ടിയൂർ വന്യജീവി സങ്കേതത്തിലൂടെ ഇവർ വയനാട് വനത്തിലേക്കു പോയി എന്ന നിഗമനത്തിലാണ് പൊലീസ്. തണ്ടർബോൾട്ടും ആന്റി നക്സൽ സ്ക്വാഡും ഇന്നലെ ഉച്ചവരെ വനത്തിനുള്ളിൽ തിരച്ചിൽ നടത്തി. ഇരിട്ടി ഡിവൈഎസ്പി പ്രജിഷ് തോട്ടത്തിൽ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.ശനിയാഴ്ച സന്ധ്യക്ക് ആറരയോടെയാണ് മാവോയിസ്റ്റ് സംഘം പ്രകടനം നടത്തുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തത്.