തിരുവനന്തപുരം ∙ സംസ്ഥാനത്തു പുതുവത്സരാഘോഷങ്ങൾക്കു സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. പുതുവത്സരാഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിന് പൊലീസ് എല്ലാ സഹായവും നൽകും. നിരത്തുകളിലും പ്രധാന സ്ഥലങ്ങളിലും ആഘോഷങ്ങൾക്കു തടസ്സംവരാത്ത രീതിയിൽ പൊലീസിനെ വിന്യസിക്കാൻ നിർദേശിച്ചിട്ടുണ്ട്. ആഘോഷ സ്ഥലങ്ങളിൽ സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവരുടെ സുരക്ഷയ്ക്കു പ്രത്യേകം ശ്രദ്ധ നൽകണം.
മദ്യപിച്ചു വാഹനമോടിക്കുന്നതുൾപ്പെടെ എല്ലാ നിയമലംഘനങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കും. ക്രമസമാധാനം തകരുന്ന സാഹചര്യം ഉണ്ടായാൽ സംഘാടകരും ഹോട്ടൽ അധികൃതരും ഉടൻ പൊലീസിനെ വിവരം അറിയിക്കണമെന്നും ഡിജിപി ആവശ്യപ്പെട്ടു.