കോട്ടയം∙ ബിജെപി സംസ്ഥാന നേതൃ യോഗത്തിലേക്ക് മുൻ പ്രസിഡന്റ് സികെ.പത്മനാഭൻ വന്നത് കറുത്ത നിറമുള്ള ഷർട്ടിട്ടായിരുന്നു. ചെ ഗുവേരയുടെ ഷർട്ടിന്റെ മാതൃകയിൽ ഷോൾഡർ സ്ട്രാപ്പോടു കൂടി കോളറുള്ള ഷർട്ടിട്ടായിരുന്നു. പ്രതിനിധികളിൽ ചിലർ ചോദിച്ചു... കറുപ്പാണല്ലോ...പ്രതിഷേധമാണോ...? പത്മനാഭൻ പൊട്ടിച്ചിരിയോടെ നടക്കുമ്പോൾ വേദിയിലിരുന്ന മുൻ പ്രസിഡന്റ് വി.മുരളീധരൻ ചോദിച്ചു... ഇതെന്താ പട്ടാളത്തിലെ കോട്ടാണല്ലോ.. ? പട്ടാളത്തിൽ നിന്നാണോ വരവ് ? അല്ല, ബൊളീവിയൻ കാടുകളിൽ നിന്നാണെന്നായിരുന്നു ഷർട്ടിന്റെ ഷോൾഡർ സ്ട്രാപ്പ് പിടിച്ചുയർത്തിക്കൊണ്ട് സികെപിയുടെ മറുപടി.
ഇതിനിടെ പി.കെ.കൃഷ്ണദാസും മറ്റു നേതാക്കന്മാരും ചോദിച്ചു... കറുപ്പ് മനഃപൂർവം ആണോ ? മറുപടിയായി എല്ലാവർക്കും സല്യൂട്ട് നൽകിയാണ് സികെപി കസേരയിലിരുന്നത്. ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണന്റെ സ്വാഗത പ്രസംഗം ഇങ്ങനെയായിരുന്നു... ബിജെപിയുടെ ജനകീയ മുഖം സി.കെ.പത്മനാഭന് സ്വാഗതം. ചെഗുവേരയെ പുകഴ്ത്തിയുള്ള പ്രസ്താവനയോടെ വിവാദത്തിനു നടുവിലായ സാഹചര്യത്തിലാണ് സി.കെ.പത്മനാഭന്റെ ഷർട്ടിന്റെ നിറവും കോളറും ബിജെപി യോഗത്തിൽ തമാശയ്ക്കും ചർച്ചയ്ക്കും ഇടയാക്കിയത്.
അതേസമയം ചെഗുവേര പരാമർശം കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി നേതൃയോഗത്തിൽ ചർച്ച ചെയ്ത് അവസാനിപ്പിച്ചുവെന്നും സികെ.പത്മനാഭന്റെ പ്രവർത്തന പാരമ്പര്യവും ആത്മാർഥതയും സംശയിക്കേണ്ടതില്ലെന്നും ബിജെപി അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു.