Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൈക്കോടതി ചോദിക്കുന്നു: വിജിലൻസ് രാജിലേക്കോ?

High Court

കൊച്ചി ∙ ഈ നിലയ്ക്കു സംസ്ഥാനം വിജിലൻസ് രാജിലേക്കു പോകുമെന്നും സംസ്ഥാനം ഭരിക്കാൻ വിജിലൻസിനെ അനുവദിക്കണോ എന്നു സർക്കാർ ചിന്തിക്കണമെന്നും ഹൈക്കോടതി. സർക്കാരിന്റെ ഭരണപരമായ തീരുമാനങ്ങളുടെ നിയമസാധുത പോലും വിജിലൻസ് പരിശോധിക്കുന്ന സ്ഥിതിയാണ്. വിജിലൻസ് സ്പെഷൽ കോടതികളും സമാന തെറ്റു ചെയ്യുകയാണെന്നു കുറ്റപ്പെടുത്തിയ കോടതി, സംസ്ഥാനത്തെ വിജിലൻസ് കോടതികൾക്കും സംസ്ഥാന ചീഫ് സെക്രട്ടറിക്കും വിധിപ്പകർപ്പ് എത്തിക്കാൻ നിർദേശിച്ചു.

ഡിജിപി റാങ്ക് നൽകി, ശങ്കർ റെഡ്ഡിയെ വിജിലൻസ് ഡയറക്ടറാക്കിയതിൽ ക്രമക്കേടുണ്ടെന്ന പരാതിയിൽ തിരുവനന്തപുരം വിജിലൻസ് കോടതി പ്രാഥമികാന്വേഷണം നിർദേശിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. പരാതി അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കാൻ കാരണമുണ്ടോ എന്നറിയിക്കാൻ വിജിലൻസിനോട് നേരത്തേ നിർദേശിച്ചിരുന്നു. വിജിലൻസ് നൽകിയ റിപ്പോർട്ട് തൃപ്തികരമല്ലെന്നു കോടതി കുറ്റപ്പെടുത്തി.

ചില പൊലീസുദ്യോഗസ്ഥർക്കു മുൻസർക്കാർ ഡിജിപി പ്രമോഷൻ നൽകിയതിൽ ഒരാളുടെ പ്രമോഷനെക്കുറിച്ചു മാത്രമാണു വിജിലൻസ് കോടതിയിലെ പരാതിയെന്നു കോടതി ചൂണ്ടിക്കാട്ടി. മറ്റുള്ളവരുടെ പ്രമോഷൻ എന്തുകൊണ്ടു ചോദ്യം ചെയ്യുന്നില്ല? ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമാണെങ്കിലും, സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഉന്നതോദ്യോഗസ്ഥരുടെ പ്രമോഷൻ കാര്യം സർക്കാരിന്റെ അധികാരത്തിൽപ്പെട്ട കാര്യമാണെന്നു കോടതി പറഞ്ഞു.

‘‘വിജിലൻസ് ഇൻസ്പെക്ടർ സമർപ്പിച്ച വിശദീകരണം പരിശോധിച്ചാൽ, സർക്കാർ നടത്തിയ നിയമനത്തിന്റെ സാധുതയും ഔചിത്യവും തീരുമാനിക്കുന്നതു വിജിലൻസ് ആണെന്നു തോന്നും. അതു വിജിലൻസിന്റെ പണിയല്ല. ഇത്തരം കാര്യങ്ങൾ പരിശോധിക്കാനും അന്വേഷിക്കാനും ചോദ്യം ചെയ്യാനും വിജിലൻസിന് അധികാരമില്ല. സർക്കാരിന്റെ ഭരണ തീരുമാനങ്ങളും നടപടികളും പുനഃപരിശോധിക്കുന്നത് എന്ത് അധികാരത്തിലാണ്? കോടതിയുടെ മുൻ ഉത്തരവിന്റെ അന്തഃസത്തയും ലക്ഷ്യവും ഉദ്യോഗസ്ഥനു മനസ്സിലായിട്ടില്ലെന്നു തോന്നുന്നു. കോടതി ആവശ്യപ്പെട്ട പ്രകാരമുള്ള ശരിയായ റിപ്പോർട്ടും പ്രാഥമികാന്വേഷണം പൂർത്തിയായെങ്കിൽ അതിന്റെ റിപ്പോർട്ടും കോടതിയിൽ നൽകണം.’’– കോടതി ഉത്തരവിൽ പറയുന്നു.

മന്ത്രിസഭാ തീരുമാനമായതിനാൽ മുൻ സർക്കാരിന്റെ തീരുമാനം ഈ സർക്കാർ അംഗീകരിച്ചെന്നും നാലുപേരുടെ പ്രമോഷൻ നിലനിർത്തിയെന്നും പ്രോസിക്യൂട്ടർ അറിയിച്ചു. ഈ വിവരം ഫയലിൽ വേണ്ടതിനാൽ രേഖാമൂലം അറിയിക്കണമെന്നു കോടതി നിർദേശിച്ചു. വിജിലൻസ് കോടതിയിലെ പരാതി ദുരുദ്ദേശ്യപരമാണെന്നു കരുതുന്നതിനാൽ പരാതിക്കാരനെ കേൾക്കാൻ കക്ഷിചേർത്തു നോട്ടിസ് നൽകിയിട്ടുണ്ട്.

ബാർ കോഴക്കേസ് ഉൾപ്പെടെ പ്രധാന കേസുകളുടെ അന്വേഷണം അട്ടിമറിക്കുകയെന്ന ലക്ഷ്യത്തിൽ ശങ്കർ റെഡ്ഡിക്കു സ്ഥാനക്കയറ്റം നൽകിയെന്നാരോപിച്ച് പായിച്ചിറ നവാസ് നൽകിയ പരാതിയിലാണു 2016 ഡിസംബർ 30ന് വിജിലൻസ് കോടതി പ്രാഥമികാന്വേഷണം നിർദേശിച്ചത്.

വിജിലൻസ് കോടതികൾക്കെതിരെയും ഹൈക്കോടതി

കൊച്ചി∙ വിജിലൻസ് കോടതികളിലെ ചില ന്യായാധിപൻമാർക്ക് അഴിമതി നിരോധന നിയമപ്രകാരമുള്ള ജോലിയുടെ സാധ്യതയും പരിധിയും അറിയില്ലെന്നു ഹൈക്കോടതി. പരാതികൾ പ്രാഥമിക പരിശോധന, അന്വേഷണം എന്നിവയ്ക്കായി യാന്ത്രികമായും വിവേചന രഹിതമായും വിടുന്നതായി ആരോപിച്ച് ഒട്ടേറെ കേസുകൾ വരുന്നുണ്ട്. ഭയാനകവും പരിഹരിക്കാനാവാത്തതുമായ പ്രത്യാഘാതം ഉണ്ടാകും മുൻപ് നീതിനിർവഹണത്തിൽ തെറ്റുതിരുത്തൽ ആവശ്യമാണെന്നു കോടതി പറഞ്ഞു.

പൊലീസ് ഓഫിസർമാർക്കു സ്ഥാനക്കയറ്റം നൽകാനുള്ള സർക്കാർ തീരുമാനത്തിന്റെ നിയമസാധുതയും ഔചിത്യവും തീരുമാനിക്കാൻ വിജിലൻസ് കോടതി പുറപ്പെട്ടതു ദൗർഭാഗ്യകരമാണ്. വിജിലൻസ് പ്രത്യേക കോടതിയുടെ അധികാര, പ്രവർത്തന പരിധിയിൽ വരുന്ന കാര്യങ്ങളല്ല ഇവ. തൽക്കാലം കൂടുതൽ പറയുന്നില്ലെന്നും കേസ് തീർപ്പാക്കുന്ന വേളയിലാകാമെന്നും കോടതി പറ‍ഞ്ഞു. 

related stories
Your Rating: