കൊച്ചി∙ ഫ്ലെക്സ് ബോർഡ് വയ്ക്കുന്നതിൽ നിയന്ത്രണം വേണമെന്ന ഹൈക്കോടതി ഉത്തരവിനുശേഷവും പ്രമുഖ രാഷ്ട്രീയപാർട്ടികൾ ബോർഡുകൾ സ്ഥാപിച്ചതായി പരാതി ലഭിച്ചെന്നു ഹൈക്കോടതി. അനധികൃത ഫ്ലെക്സ് ബോർഡുകൾ ഉയരുന്നില്ലെന്നു സർക്കാർ ഉറപ്പു വരുത്തണം. കൃത്യമായി നടപടിയെടുക്കുന്ന നഗരസഭാ സെക്രട്ടറിമാരെ ബലിയാടാക്കാൻ ഉദ്ദേശിക്കുന്നില്ല. പൊതുസ്ഥലത്തെ അനധികൃത ഫ്ലെക്സ് ബോർഡുകൾക്കെതിരെയാണു വിധിയെന്നും ഹൈക്കോടതി വ്യക്തമാക്കി.
തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ ഫ്ലെക്സുകൾ നീക്കുന്നതിനു കോർപ്പറേഷനോ പൊലീസോ കെഎസ്ഇബിയോ അധികാരമുണ്ടായിട്ടും നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് അമിക്കസ്ക്യൂരി ഇന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഇവിടങ്ങളിലെല്ലാം ഇപ്പോഴും അനധികൃത ഫ്ലെക്സ്, ബിൽ ബോർഡുകളുണ്ട്. കോൺഗ്രസ്, ബിജെപി, കമ്യൂണിസ്റ്റ് പാർട്ടി, എസ്ഡിപിഐ തുടങ്ങിയ രാഷ്ട്രീയ പാർട്ടികളുടെ ബോർഡുകൾ അനുമതി ഇല്ലാതെ ഇവിടെയെല്ലാം സ്ഥാപിച്ചിട്ടുണ്ട്. നഗരത്തിന്റെ ഭംഗി കെടുത്തുന്ന സിനിമാ പോസ്റ്ററുകളും സ്ഥാപിച്ചിട്ടുണ്ട്. കൊച്ചി നഗരത്തിൽ ഇതിനകം ഏതാനും ബിൽബോർഡുകളും ഹോർഡിങ്സും നീക്കുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അമിക്കസ്ക്യൂരി ചൊവ്വാഴ്ച കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.