തിരുവനന്തപുരം∙ കെഎസ്ആർടിസി ജീവനക്കാർ ഇന്നു നടത്താനിരുന്ന സമരം മന്ത്രി എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തിൽ സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ചയെത്തുടർന്നു പിൻവലിച്ചു. മരവിപ്പിച്ച ക്ഷാമബത്ത കുടിശിക ഡിസംബറിലെ ശമ്പളത്തിനൊപ്പം നൽകുമെന്നു മന്ത്രി ഉറപ്പു നൽകി. അതേസമയം, ശമ്പളവും പെൻഷനും ക്ഷാമബത്ത കുടിശികയും മുഴുവനായി നൽകാൻ വേണ്ട പണം കെഎസ്ആർടിസിയുടെ പക്കലില്ലെന്നാണു സൂചന.
കോൺഗ്രസ് അനുകൂല സംഘടനയായ ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ, എഐടിയുസിയുടെ ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ, ബിഎംഎസിന്റെ ട്രാൻസ്‌പോർട്ട് എംപ്ലോയീസ് സംഘ്, ട്രാൻസ്പോർട്ട് ഡ്രൈവേഴ്സ് യൂണിയൻ എന്നിവയാണ് ഇന്നു സമരം പ്രഖ്യാപിച്ചിരുന്നത്.
ക്ഷാമബത്ത തടഞ്ഞുവയ്ക്കില്ലെന്നു മന്ത്രി ഉറപ്പുനൽകി. വായ്പ ലഭിക്കുന്നതനുസരിച്ചു തുക നൽകും. 50 കോടി രൂപ വീതം കാനറ ബാങ്കിന്റെയും കെടിഡിഎഫ്സിയുടെയും വായ്പ ഉടൻ ലഭിക്കും. എന്നാൽ ശമ്പളം, പെൻഷൻ ക്ഷാമബത്ത കുടിശിക ഇവ നൽകാൻ 136 കോടി രൂപ വേണം. പെൻഷനു മാത്രം 57.5 കോടി രൂപ. ക്ഷാമബത്ത കുടിശിക നൽകാൻ 6.3 കോടി രൂപ. 75 കോടിയോളം രൂപ ഡിസംബർ ശമ്പള വിതരണത്തിനും വേണം. 100 കോടി രൂപ ഉപയോഗിച്ചു ഭാഗികമായി തുക വിതരണം ചെയ്യാനാണു തീരുമാനം.
Search in
Malayalam
/
English
/
Product