Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാസർകോട് മുതൽ തിരുവനന്തപുരം വരെ ദേശീയ പാത ആറുവരി

ROAD

തിരുവനന്തപുരം ∙ കാസർകോടു മുതൽ തിരുവനന്തപുരം വരെ ദേശീയപാത ആറുവരിയായി വികസിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. 45 മീറ്ററിൽ നാലുവരിപ്പാതയെന്ന മുൻ തീരുമാനമാണ് ഭാവിയിലെ വാഹനപ്പെരുപ്പം കൂടി കണക്കിലെടുത്ത് ആറുവരിപ്പാതയാക്കുന്നത്.

സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ദേശീയപാത അധികൃതർ പാതയുടെ രൂപരേഖ പുതുക്കി. പുതിയ രൂപരേഖയനുസരിച്ച് ഇരുവശങ്ങളിലുമായി 21 മീറ്റർ വീതിയിലാണ് ആറുവരിപ്പാത നിർമിക്കുക. 15 മീറ്ററിൽ നാലുവരിപ്പാത നിർമിക്കാനായിരുന്നു നേരത്തേയുള്ള തീരുമാനം.

മീഡിയനുകളുടെ വീതി രണ്ടുമുതൽ മൂന്നുമീറ്റർ വരെയായി കുറയ്ക്കും. നേരത്തേ ഇതു നാലുമുതൽ അഞ്ചുമീറ്റർ വരെയായിരുന്നു. ഇരുവശങ്ങളിലുമുള്ള സർവീസ് റോഡുകളുടെ വീതി ഏഴു മീറ്ററിൽനിന്ന് അഞ്ചര മീറ്ററായി കുറയും.

നാലുവരിപ്പാത പദ്ധതി ആറുവരിപ്പാതയാക്കുമ്പോൾ ചെലവ് 20 ശതമാനത്തോളം വർധിക്കും. സംസ്ഥാന സർക്കാരിന്റെ നിർദേശം കേന്ദ്രസർക്കാരും അംഗീകരിച്ചതോടെയാണ് രൂപരേഖ പുതുക്കൽ തുടങ്ങിയത്. ആദ്യഘട്ടമായി കാസർകോട് ജില്ലയിലെ ആറുവരിപ്പാത നിർമാണം മേയ് ഒന്നിനു തുടങ്ങാൻ കഴിയുമെന്നാണ് ദേശീയപാത അധികൃതർ സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുള്ളത്.

കാസർകോട് ജില്ലയിലെ സ്ഥലമേറ്റെടുപ്പ് 65 ശതമാനം പൂർത്തിയായി. സ്ഥലമേറ്റെടുപ്പ് 60 ശതമാനം പൂർത്തിയാക്കിയാൽ നിർമാണത്തിനു ടെൻഡർ നൽകാമെന്നാണ് കേന്ദ്രസർക്കാരിന്റെ ഉറപ്പ്. കാസർകോട് ജില്ലയിൽ മാത്രം ഏകദേശം 3000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ടെൻഡർ നടപടികൾ അടുത്തമാസം പകുതിയോടെ തുടങ്ങും. ജൂൺ, ജൂലൈ മാസങ്ങളിൽ കണ്ണൂരും കോഴിക്കോട്ടും നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. മൂന്നു വർഷത്തിനുള്ളിൽ വികസനം പൂർത്തിയാക്കും.

പരാതിയുള്ള മേഖലകളിൽ അലൈൻമെന്റ് പുതുക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. സ്ഥലമേറ്റെടുക്കാൻ തീരെ നിർവാഹമില്ലാത്ത മേഖലകളിൽ ചെറിയ വിട്ടുവീഴ്ചകൾക്കു സർക്കാർ സന്നദ്ധമാകുമെന്നും സൂചനകളുണ്ട്.

Your Rating: