തിരുവനന്തപുരം ∙ സംസ്ഥാനത്തെ മന്ത്രിമാരെ കൃത്യമായി അറിയാതെ ഇന്റലിജൻസ് മേധാവി കൃഷിമന്ത്രിയെ തേടി പോയത് റവന്യുമന്ത്രിയുടെ വീട്ടിൽ!. സംസ്ഥാനത്തെ ഇന്റലിജൻസ് മേധാവി ഡിജിപി: മുഹമ്മദ് യാസിനാണ് അബദ്ധം പറ്റിയത്. കൃഷിമന്ത്രി വി.എസ്. സുനിൽ കുമാറിനെ കാണാൻ പോയതായിരുന്നു മുഹമ്മദ് യാസിൻ. പക്ഷെ ചെന്നു കയറിയത് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്റെ വീട്ടിൽ. ചന്ദ്രശേഖരന്റെ വീട്ടിലെത്തിയ ഡിജിപി മുഹമ്മദ് യാസിൻ അദ്ദേഹത്തോട് സുനിൽ കുമാർ അല്ലേയെന്ന് ചോദിക്കുകയും ചെയ്തു. വീടുമാറിയതു കൂടാതെ മന്ത്രിയെ തന്നെ ഡിജിപിക്കു മാറിപ്പോയി. എന്നാൽ ഡ്രൈവർക്കു പറ്റിയ അബദ്ധമാണെന്നാണ് ഡിജിപിയുടെ വിശദീകരണം.
രാവിലെ ഏഴരയോടെയാണ് സംഭവം. മുഖ്യമന്ത്രി താമസിക്കുന്ന ക്ലിഫ് ഹൗസിന് സമീപമാണ് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ താമസിക്കുന്നത്. അവിടെയാണ് രാവിലെ മുഹമ്മദ് യാസിൻ എത്തുന്നത്. പുറത്തേക്ക് ഇറങ്ങിവന്ന ചന്ദ്രശേഖരനോട് കൃഷിമന്ത്രി സുനിൽ കുമാർ അല്ലേ എന്ന് മുഖത്തുനോക്കി ചോദിച്ചു.
മന്ത്രിമാരെ പിടിയില്ലാത്തവരാണോ ഇന്റലിജൻസ് മേധാവിയെന്ന് മന്ത്രി ചന്ദ്രശേഖരൻ പിന്നീട് പ്രതികരിച്ചു. താൻ വിളിച്ചിട്ടല്ല അദ്ദേഹം വന്നതെന്നും മന്ത്രി വ്യക്തമാക്കി.
കൃഷി മന്ത്രി സുനിൽ കുമാറിനോട് കൂടിക്കാഴ്ചയ്ക്ക് സമയം ചോദിക്കുകയും എട്ടുമണിക്ക് കാണാൻ അനുവാദം നൽകുകയും ചെയ്തിരുന്നു. തൃശൂരിൽ ഇന്റലിജൻസിന് പ്രവർത്തിക്കാൻ കെട്ടിടമില്ലായിരുന്നു. പകരം പുതിയ കെട്ടിടം കലക്ടർ അനുവദിച്ചത് ജലസേചന വകുപ്പിന്റേതായിരുന്നു. ഇതിൽ ജലസേചന വകുപ്പ് മന്ത്രിക്ക് എതിർപ്പുണ്ടാകുകയും അതിൽ കലക്ടറോട് അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. കെട്ടിടത്തിൽ തുടർന്നും പ്രവർത്തിക്കാൻ അനുവദിക്കണമെന്ന കാര്യം സ്ഥലം എംഎൽഎ കൂടിയായ സുനിൽ കുമാറിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് ഡിജിപി, മന്ത്രിയെ കാണാൻ പോയത്.
കൃഷിമന്ത്രി സുനിൽ കുമാറിനെ വ്യക്തിപരമായി നേരിട്ട് അറിയുന്ന വ്യക്തിയാണ് ഡിജിപി മുഹമ്മദ് യാസിൻ. ഡിജിപി നേരത്തെയും തന്നെ കാണാൻ വന്നിട്ടുണ്ടെന്ന് മന്ത്രി സുനിൽ കുമാറും പറഞ്ഞു.
ഡ്രൈവർക്ക് വീടുമാറിപ്പോയതാണ് അബദ്ധത്തിന് കാരണമെന്നാണ് ഡിജിപി മുഹമ്മദ് യാസിന്റെ വിശദീകരണം. മന്ത്രിമാരെ വ്യക്തമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, രണ്ടു മന്ത്രിമാരുടെയും വീടുകൾ രണ്ടുസ്ഥലത്താണ്. പിന്നെ, എങ്ങനെയാണ് ഇത്തരമൊരു അബദ്ധം ഡ്രൈവർക്ക് പറ്റിയതെന്ന് വ്യക്തമല്ല.