Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാതി മത ബോധങ്ങള്‍ പ്രളയത്തില്‍ ഒലിച്ചുപോയി: ഇ. ചന്ദ്രശേഖരൻ

horizon-inaguration മലയാള മനോരമ ഹൊറൈസണും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആൻഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റും സംയുക്തമായി സംഘടിപ്പിച്ച ‘ദുരന്തങ്ങളെ അതിജീവിച്ച് മുന്നേറാം, കരുതലോടെ’ പരിപാടി റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ ഹോളി ഏഞ്ചല്‍സ് സ്കൂളില്‍ ഉദ്ഘാടനം ചെയ്യുന്നു.

തിരുവനന്തപുരം∙ സമൂഹത്തില്‍ നിലനിന്നിരുന്ന ജാതി മത ബോധങ്ങള്‍ കേരളത്തിലുണ്ടായ പ്രളയത്തില്‍ ഒലിച്ചുപോയതായി റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ‍. മലയാള മനോരമ ഹൊറൈസണും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആൻഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റും സംയുക്തമായി സംഘടിപ്പിച്ച ‘ദുരന്തങ്ങളെ അതിജീവിച്ച് മുന്നേറാം, കരുതലോടെ’ പരിപാടി ഹോളി ഏഞ്ചല്‍സ് സ്കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

കേരളത്തിലെ ജനം ഒറ്റക്കെട്ടായാണു പ്രളയദുരന്തത്തെ നേരിട്ടത്. പുതുതലമുറ കൂട്ടത്തോടെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. ദുരന്തമുണ്ടായതിനെത്തുടര്‍ന്നു പുതുതലമുറയെക്കുറിച്ചുള്ള മുന്‍വിധി പലര്‍ക്കും മാറിക്കിട്ടി. യുവജനത സാമൂഹികപ്രതിബന്ധതയോടെ പ്രവര്‍ത്തിച്ചു. കേരളം ദുരന്തത്തെ നേരിട്ട രീതിയെ രാജ്യം മുഴുവന്‍ അഭിനന്ദിച്ചു. പ്രളയം അധികം ബാധിക്കാത്ത ജില്ലകള്‍ മറ്റുജില്ലകളിലെ ജനങ്ങള്‍ക്കായി നടത്തിയ പ്രവര്‍ത്തനം പ്രശംസനീയമാണ്. തിരുവനന്തപുരം ജില്ലയും ഭരണകൂടവും ഇക്കാര്യത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണു നടത്തിയതെന്നും മന്ത്രി പറഞ്ഞു.

book-release-horizon ഹാന്‍ഡ് ബുക്ക് പൊതുവിദ്യാഭ്യാസവകുപ്പ് സെക്രട്ടറി എ.ഷാജഹാന്‍ പ്രകാശനം ചെയ്തപ്പോൾ.

ഹാന്‍ഡ് ബുക്ക് പൊതുവിദ്യാഭ്യാസവകുപ്പ് സെക്രട്ടറി എ.ഷാജഹാന്‍ പ്രകാശനം ചെയ്തു. പ്രളയത്തില്‍ കേരളത്തിലെ നാലു സ്കൂളുകള്‍ തകര്‍ന്നതായും 16.4 കിലോമീറ്റര്‍ ദൂരത്തില്‍ സ്കൂള്‍ മതിലുകള്‍ തകര്‍ന്നതായും അദ്ദേഹം പറഞ്ഞു. ഇപ്പോഴുള്ള മതിലുകള്‍ക്കു പകരം വേനലിലും ഉണങ്ങാത്ത ജൈവവേലികളെക്കുറിച്ച് സ്കൂളുകള്‍ ആലോചിക്കണം. നാട്ടിന്‍ പുറങ്ങളിലെ സ്കൂളുകളിലെങ്കിലും ഈ രീതി ഉണ്ടാകണം. ദുരന്തത്തെ അതിജീവിക്കാനുള്ള മാര്‍ഗങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം. 

അപകടങ്ങളില്‍നിന്ന് രക്ഷപെടാനുള്ള മാര്‍ഗങ്ങള്‍ ഇപ്പോള്‍ ക്ലാസുകളില്‍ പറയാറുണ്ടെങ്കിലും കുട്ടികള്‍ക്ക് ആവശ്യമായ പരിശീലനം ലഭിക്കുന്നില്ല. കൃത്യമായ പരിശീലനം ലഭിച്ചിരുന്നതിനാല്‍ സ്വന്തം വീട്ടുകാരെ തീപിടിത്തത്തില്‍നിന്നു രക്ഷിച്ച അമേരിക്കന്‍ വിദ്യാര്‍ഥിയുടെ കഥയും അദ്ദേഹം പങ്കുവച്ചു.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആൻഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഡയറക്ടര്‍ പി.ജി.തോമസ് മുഖ്യപ്രഭാഷണം നടത്തി. മലയാള മനോരമ മാര്‍ക്കറ്റിങ് സര്‍വീസസ് ആൻഡ് സൊല്യൂഷന്‍സ് വൈസ് പ്രസിഡന്റ് ജോയ് മാത്യു നന്ദി പറഞ്ഞു. സ്കൂളില്‍ നടന്ന പരിശീലന സെഷനുകള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആൻഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്രോഗ്രാം ഓഫിസര്‍ വി.ജയമോഹനും അസി. പ്രഫസര്‍ എം.അമല്‍രാജും നേതൃത്വം നല്‍കി.