കുമരകത്തെ കെടിഡിസി വാട്ടർസ്കേപിനെതിരെ പ്രാദേശിക സിഐടിയുവിന്റെ എതിർപ്പ്

കുമരകത്തെ കെടിഡിസി റിസോർട്ടിന്റെ ആകാശദൃശ്യം

കോട്ടയം∙ കുമരകത്തെ സർക്കാർ റിസോർട്ടായ കെടിഡിസി വാട്ടർസ്കേപ് നവീകരിച്ചു ലാഭം നേടാനുള്ള ശ്രമത്തിനു പ്രാദേശിക സിഐടിയുവിന്റെ എതിർപ്പ്. അറ്റകുറ്റപ്പണിയുടെ പേരില്‍ ഒരു വര്‍ഷത്തേക്ക് അടച്ചിടാനുള്ള തീരുമാനത്തിനെതിരെയാണു കരാർ ജീവനക്കാരുടെ അവകാശങ്ങൾ ഉന്നയിച്ച് അന്യായ സമരം. 2001ല്‍ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ ഉദ്ഘാടനം ചെയ്ത സ്ഥാപനമാണിത്. പാർട്ടിയുടെ പോഷക സംഘടന കെടിഡിസി വാട്ടർസ്കേപിനെ തളർത്തുന്നതെന്ന വൈരുധ്യവുമുണ്ട് ഈ സംഭവത്തിന്. ഏപ്രിൽ നാലിനു തുടങ്ങിയ സമരം തീർക്കാൻ സർക്കാർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

വേമ്പനാട് കായലിന്റെ പ്രകൃതിരമണീയതയും പക്ഷിസങ്കേതവുമാണ് ഇവിടത്തെ പ്രത്യേകത. 40 കോട്ടേജുകളാണുള്ളത്. ഉദ്ഘാടനത്തിനുശേഷം ഇതുവരെ നവീകരണം നടന്നിട്ടില്ല. ഇതിനെച്ചൊല്ലി വിവാദങ്ങൾ അരങ്ങേറവേയാണു പുതിയ സർക്കാ‍ർ ഒൻപതുകോടി രൂപ അനുവദിച്ചത്. 40 കോട്ടേജുകളുടെ നവീകരണത്തിന് അഞ്ചും കനാൽ നന്നാക്കൽ, ലാൻഡ്സ്കേപിങ് എന്നിവയ്ക്കു നാലു കോടിയുമാണു വകയിരുത്തിയത്. സ്ഥാപനം പൂർണമായി അടച്ചിട്ട് ഒരു വർഷം കൊണ്ട് ജോലികൾ തീർക്കാനായിരുന്നു തീരുമാനം. ഇതിനുള്ള ടെണ്ടറുമായി.

കെടിഡിസി സ്റ്റാഫ്, കരാറുകാർ എന്നിവരെ കൂടാതെ ഔട്ട്സോഴ്സിങ് ഏജൻസി നിയമിക്കുന്നവർ എന്നിങ്ങനെ മൂന്നു വിഭാഗത്തിലുള്ള ജോലിക്കാരാണുള്ളത്. സ്ഥാപനം അടച്ചിടാൻ തീരുമാനിച്ചതിനു പിന്നാലെ ജീവനക്കാർക്ക് എല്ലാവർക്കും നോട്ടീസ് നൽകി. സ്റ്റാഫ്, കരാർ ജോലിക്കാരെ കെടിഡിസിയുടെ വിവിധ സ്ഥലങ്ങളിലെ പല യൂണിറ്റുകളിലായി താൽക്കാലികമായി നിയമിച്ചു. എന്നാൽ, തങ്ങളുടെ ജോലി നഷ്ടപ്പെടുമെന്നു പറഞ്ഞ് പുറംകരാറേറ്റെടുത്ത കമ്പനിയിലെ 19 ഹൗസ്കീപ്പിങ് ജീവനക്കാർ കെടിഡിസിക്കെതിരെ തിരിഞ്ഞു. ഗാർഡനിങ് ജോലിയെടുക്കുന്ന പുറംകരാറുകാരായ 11 പേരും ഇവർക്കൊപ്പം ചേർന്നു. സിഐടിയു മുൻകൈയെടുത്തു രൂപീകരിച്ച സൊസൈറ്റി ഫോർ ടൂറിസം പ്രൊമോഷൻ ആൻ‍ഡ് സോഷ്യൽ ഡെവലപ്മെന്റാണു ഗാർഡനിങിന് ആളുകളെ കൊടുക്കുന്നത്. പ്രാദേശിക നേതാവിന്റെ ഭാര്യയാണ് ഈ സൊസൈറ്റിയുടെ പ്രസിഡന്റ്. ഇവരുടെ കൂടി സ്വാ‍ർഥ താത്പര്യത്തിനാണു സമരം നടക്കുന്നതെന്ന് ആക്ഷേപമുണ്ട്.

സിഐടിയുവിന്റെ നേതൃത്വത്തിലുള്ള കേരള ആർട്ടിസാൻസ് യൂണിയനാണു തൊഴിലാളികളെ സംഘടിപ്പിച്ചു സ്ഥാപനത്തിനു മുന്നിൽ സമരം ചെയ്യുന്നത്. പുറംകരാർ ജീവനക്കാരുമായി ബന്ധമില്ലെന്നും സമരം അനാവശ്യമാണെന്നുമാണു കെടിഡിസിയുടെ നിലപാട്. സിഐടിയുവിന്റെ നേതൃത്വത്തിലുള്ള കെടിഡിസി എംപ്ലോയീസ് അസോസിയേഷനും പൂർണ സഹകരണം വാഗ്ദാനം ചെയ്യുമ്പോഴാണു പ്രാദേശിക നേതാക്കളുടെ പാര.

സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി, പക്ഷിസങ്കേതത്തിലേക്കും ബിയർ പാർലറിലേക്കും എത്തിയ വിദേശികൾ ഉൾപ്പെടെയുള്ള സഞ്ചാരികളെ ഗേറ്റിൽ തടഞ്ഞതു വിവാദമായിരുന്നു. 12, 13, 14 തീയതികളിൽ ഇതേ രീതിയിൽ സമരം അരങ്ങേറി. വിദേശികൾ പലരും ഭയപ്പെട്ടാണു മടങ്ങിയത്. വിഷുദിനത്തിൽ തൊഴിലാളികൾ പട്ടിണി സമരം നടത്തിയും ശ്രദ്ധയാകർഷിച്ചു. തുടർന്നു തൊഴിലാളി പ്രതിനിധികളും കെടിഡിസി അധികൃതരും തമ്മിൽ കഴിഞ്ഞദിവസം തിരുവനന്തപുരത്തു ചർച്ച നടത്തി. ഫലമുണ്ടായില്ല. സമാന്തരമായി എറണാകുളത്തെ കരാർ ഏജൻസിയുമായി കെടിഡിസി സംസാരിച്ചു. ഹൗസ്കീപ്പിങിലെ മുഴുവൻ ജീവനക്കാരെയും എറണാകുളത്തെ മൂന്നു സ്ഥാപനങ്ങളിലായി നിയമിക്കാമെന്ന് ഇവർ ഉറപ്പുനൽകി. ഭാവിയിൽ കോട്ടയത്തു ഒഴിവുവരുമ്പോൾ അവിടേക്കു സ്ഥലംമാറ്റാമെന്നും പറഞ്ഞു. ഇക്കാര്യം സമരക്കാരെ അറിയിച്ചെങ്കിലും ഇവിടെനിന്നു വേറെ എവിടേക്കും പോകില്ലെന്നാണ് അവർ നിലപാടെടുത്തത്.

2011–12 മുതൽ ഹോട്ടൽ നഷ്ടത്തിലാണു പ്രവർത്തിക്കുന്നത്. മെച്ചപ്പെട്ട സൗകര്യങ്ങളില്ലാത്തതിനാൽ നിശ്ചയിച്ചതിലും കുറഞ്ഞ വാടകയാണ് ഈടാക്കുന്നത്. നവീകരിച്ചു പഞ്ചനക്ഷത്ര സൗകര്യം ഏർപ്പാടാക്കുകയാണു കെടിഡിസിയുടെ ലക്ഷ്യം. 2015–16ൽ പ്രവ‍ർത്തന നഷ്ടം 40 ലക്ഷമായി ഉയർന്നു.

പ്രശ്നം പരിഹരിക്കും: കെടിഡിസി ചെയർമാൻ

കുമരകം വാട്ടർസ്കേപിലെ സമരത്തെ കുറിച്ച് അറിഞ്ഞിരുന്നെന്നും തൊഴിലാളികളുമായി ചർച്ച നടത്തിയെന്നും കെടിഡിസി ചെയർമാൻ എം. വിജയകുമാ‍ർ മനോരമ ഓൺലൈനോടു പറഞ്ഞു. സമരം ഉടൻ തീർക്കും. ആർക്കും തൊഴിൽ നഷ്ടപ്പെടില്ല. ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ എന്തുതരം ഒത്തുതീർപ്പാണു മുന്നോട്ടുവച്ചതെന്നു ചെയർമാൻ വിശദീകരിച്ചില്ല.

വാട്ടര്‍ സ്കേപ്സ്

കുമരകത്ത് സര്‍ക്കാരിന്റെ സ്ഥാപനം. നൂറേക്കറോളം വരുന്ന സ്ഥലത്തു ബേക്കര്‍സായിപ്പിന്റെ പഴയ ബംഗ്ലാവ് ഉള്‍പ്പെടുന്ന ഭാഗം താജ് ഹോട്ടലിനു കൈമാറി. ബാക്കി ടൂറിസം വകുപ്പിനു സ്വന്തം. നിറയെ മരങ്ങളും കണ്ടല്‍ക്കാടുകളും കനാലുകളും കുറ്റിക്കാടുകളും. ആറു കിലോമീറ്ററോളം പക്ഷി സങ്കേതം. അടുത്തുനിന്നു പക്ഷികളെ നിരീക്ഷിക്കാൻ മൂന്നു ടവറുകള്‍. കേരളീയ വാസ്തുഭംഗി വിളിച്ചോതുന്ന കോട്ടേജുകള്‍, വെള്ളത്തിനു മുകളില്‍ വിശാലമായ റസ്റ്റോറന്റ്, കായലിനഭിമുഖമായ നീന്തല്‍കുളം, ഹൗസ്ബോട്ട് യാത്ര തുടങ്ങിയ നിരവധി സൗകര്യങ്ങൾ. ചെലവു കുറവാണെന്നതു വലിയ നേട്ടം.