Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരെ ഊളമ്പാറയ്ക്ക് അയച്ചാലും എം.എം. മണിയെ അയയ്ക്കരുത്: തിരുവഞ്ചൂർ

Thiruvanchoor Radhakrishnan

തിരുവനന്തപുരം∙ വിവാദ പരാമർശത്തിൽ മന്ത്രി എം.എം മണിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭയിൽ. 'ആരെ ഊളമ്പാറയിലേയ്ക്ക് അയച്ചാലും മണിയെ അയയ്ക്കരുതെന്നും അവിടെയുള്ളവർ ഓടിപ്പോകുമെന്നും തിരുവഞ്ചൂർ പരിഹസിച്ചു. സ്ത്വീത്വത്തെ അപമാനിക്കുന്ന തരത്തിൽ നിരവധി തവണ മണി പ്രസംഗിച്ചിട്ടുണ്ട്. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്കെതിരെ വളരെ മോശം പരാമർശം നടത്തിയിട്ടുള്ളയാളാണ് മണി. ദേവികുളം സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെയും മോശമായ പരാമർശമാണ് നടത്തിയത്. ഇങ്ങനെയുള്ള ഒരാളെ എങ്ങനെയാണ് മന്ത്രിയായി കൊണ്ടു നടക്കുന്നതെന്നും തിരുവഞ്ചൂർ ചോദിച്ചു.

മകന്‍ നഷ്ടപ്പെട്ട അമ്മയെപ്പോലും മോശമായി പറയുന്ന മണി പ്രാകൃതനാണെന്നും മണിയുടെ പ്രസംഗം ഒട്ടും അന്തസുളളതല്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. മണിയുടേത് നാടൻ ശൈലിയാണെന്നു പറഞ്ഞു ഇടുക്കിക്കാരെ മുഴുവൻ അപമാനിക്കരുത്– മണിയെ ന്യായീകരിച്ച മുഖ്യമന്ത്രിയ്ക്ക് മറുപടിയായി തിരുവഞ്ചൂർ പറഞ്ഞു.

പൊമ്പിളൈ ഒരുമൈ പ്രവർത്തകർക്കെതിരെ എം.എം.മണി നടത്തിയ മോശം പരാമർശവും മൂന്നാറിലെ ഒഴിപ്പിക്കല്‍ നിര്‍ത്തിവച്ചതും സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് തിരുവഞ്ചൂര്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാൽ സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ലെന്നായിരുന്നു എം.എം മണിയുടെ വിശദീകരണം. 17 മിനിറ്റ് ദൈര്‍ഘ്യമുളള തന്റെ പ്രസംഗം പൂര്‍ണമായി സംപ്രേഷണം ചെയ്താല്‍ സത്യം ബോധ്യമാകുമെന്നും ചില മാധ്യമപ്രവര്‍ത്തകര്‍ വൈരാഗ്യം തീര്‍ക്കുകയായിരുന്നുവെന്നും എം.എം മണി നിയമസഭയില്‍ പറഞ്ഞു.