യാത്രക്കാരെ ജെറ്റ് എയർവെയ്സ് പൈലറ്റ് വംശീയമായി അധിക്ഷേപിച്ചതായി ഹർഭജൻ

ന്യൂഡൽഹി∙ വിമാനയാത്രികരായ രണ്ടുപേരെ ജെറ്റ് എയർവെയ്സ് പൈലറ്റ് വംശീയമായി അധിക്ഷേപിച്ചെന്നു ക്രിക്കറ്റ് താരം ഹർഭജൻ സിങ്. സമൂഹമാധ്യമമായ ട്വിറ്ററിലൂടെയാണ് ഹർഭജൻ പരാതി ഉന്നയിച്ചിരിക്കുന്നത്. അതേസമയം, സംഭവങ്ങൾക്കു ഹർഭജൻ ദൃക്സാക്ഷിയായിരുന്നോയെന്നു വ്യക്തമല്ല. പൈലറ്റ് ബേൺഡ് ഹോയെസ്‌ലിൻ ആണ് അധിക്ഷേപിച്ചതെന്ന് ഹർഭജൻ ആരോപിച്ചു. ഇതിൽ ഒരാൾ അംഗപരിമിതനാണ്.പ്രധാനമന്ത്രി നരേന്ദ്രമോദിയോടാണ് താരം പരാതിപ്പെട്ടത്. ഇത്തരം കാര്യങ്ങൾ രാജ്യത്ത് അനുവദിച്ചുകൂടായെന്നും അദ്ദേഹം വ്യക്തമാക്കി.

ഹർഭജൻ പരാതിപ്പെട്ട സംഭവം നടന്നത് ഛണ്ഡിഗഡ് – മുംബൈ ജെറ്റ് എയർവെയ്സിൽ ഏപ്രിൽ മൂന്നിനാണ്. പൂജ ഗുജറാൽ എന്ന യാത്രക്കാരി വീൽ ചെയറിൽ ഇരിക്കുന്ന സുഹൃത്തുമായി യാത്ര ചെയ്യവെയാണ് അധിക്ഷേപം നേരിടേണ്ടിവന്നത്. വിമാനം മുംബൈയിലെത്തിയപ്പോൾ സുഹൃത്തിന്റെ വീൽചെയർ സീറ്റിന് അടുത്ത് എത്തിയില്ല. ഇതേത്തുടർന്ന് ഇരുവരും ഇറങ്ങാൻ വൈകി. വിമാനം വരേണ്ട സമയത്തിലും വൈകിയാണ് എത്തിയത്. ഇതേത്തുടർന്ന് പൈലറ്റ് എത്തി അധിക്ഷേപിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

അതേസമയം, അന്വേഷണം നടത്തി പൈലറ്റിനെതിരെ നടപടിയെയുക്കുമെന്ന് ജെറ്റ് എയർവെയ്സ് അറിയിച്ചു.