ന്യൂഡൽഹി ∙ നീണ്ട കാത്തിരിപ്പിനൊടുവിൽ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഡൽഹിയിൽ ചേർന്ന സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ തിരഞ്ഞെടുത്തത്. വിരാട് കോഹ്‍ലി നയിക്കുന്ന 15 അംഗ ടീമിൽ ശ്രദ്ധേയമായ മാറ്റങ്ങളൊന്നുമില്ല. അടുത്തമാസം ഒന്നു മുതൽ പതിനെട്ടു വരെ ഇംഗ്ലണ്ടിൽ വച്ചാണ് ടൂര്‍ണമെന്റ്. ഐപിഎല്ലില്‍ കളിക്കുന്ന ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് യോഗത്തില്‍ പങ്കെടുത്തത്.
പരുക്കേറ്റ് പുറത്തായിരുന്ന ഓപ്പണർ രോഹിത് ശർമ, ആർ.അശ്വിൻ, മുഹമ്മദ് ഷാമി തുടങ്ങിയവർ ടീമിലേക്ക് മടങ്ങിയെത്തി. 2015ലെ ലോകകപ്പ് സെമിയിൽ ഓസ്ട്രേലിയയ്ക്കെതിരെയായിരുന്നു ഷാമിയുടെ അവസാന ഏകദിനം. വെറ്ററൻ താരം യുവരാജ് സിങ് ടീമിൽ സ്ഥാനം നിലനിർത്തിയപ്പോൾ, സുരേഷ് റെയ്ന പകരക്കാരുടെ നിരയിലാണ്. ഐപിഎല്ലിൽ മികച്ച ഫോമിലുള്ള മനീഷ് പാണ്ഡെയും ടീമിലുണ്ട്.
ടീം: വിരാട് കോഹ്‍ലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, രോഹിത് ശർമ, അജിങ്ക്യ രഹാനെ, എം.എസ്. ധോണി, യുവരാജ് സിങ്, കേദാർ ജാദവ്, ഹാർദിക് പാണ്ഡ്യ, ആർ.അശ്വിൻ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, ഭുവനേശ്വർ കുമാർ, മനീഷ് പാണ്ഡെ, ജസ്പ്രീത് ബുംറ.
റിഷഭ് പന്ത്, കുൽദീപ് യാദവ്, ഷാർദുൽ താക്കൂർ, സുരേഷ് റെയ്ന, ദിനേഷ് കാർത്തിക്ക് എന്നിവരെ പകരക്കാരായും ഉൾപ്പെടുത്തിയിട്ടുണ്ട്.
ലാഭവിഹിതം പങ്കിടുന്നതു സംബന്ധിച്ച് ഐസിസിയുമായി അഭിപ്രായവ്യത്യാസമുണ്ടായതിനെ തുടർന്ന് ചാംപ്യൻസ് ട്രോഫിക്ക് ടീമിനെ അയയ്ക്കില്ലെന്നായിരുന്നു ബിസിസിഐയുടെ ആദ്യ തീരുമാനം. ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ വിഹിതം പകുതിയായി വെട്ടിക്കുറയ്ക്കുകയും ലോകക്രിക്കറ്റ് നടത്തിപ്പിൽ ഇന്ത്യയുടെ അധികാരങ്ങൾക്കു കടിഞ്ഞാണിടുകയും ചെയ്തതാണ് ഐസിസിയുമായി ഇന്ത്യൻ ബോർഡ് ഇടയാനിടയാക്കിയത്. ടീമിനെ പ്രഖ്യാപിക്കേണ്ട സമയം അവസാനിച്ചിട്ടും ഇന്ത്യ ടീമിനെ തിരഞ്ഞെടുത്തിരുന്നില്ല. ഇന്ത്യ ചാംപ്യൻസ് ട്രോഫിയിൽനിന്നു പിൻമാറണമെന്ന വാദത്തിനായിരുന്നു ബോർഡിൽ മുൻതൂക്കം. എന്നാൽ സുപ്രീം കോടതി സമിതി ഇതിനെ അനുകൂലിച്ചില്ല. തുടർന്നാണ് ടീമിനെ പ്രഖ്യാപിക്കാൻ തീരുമാനിച്ചത്.