Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജവാൻമാരുടെ കുടുംബങ്ങൾക്ക് സഹായം; അക്ഷയ്ക്കും സൈനയ്ക്കും മാവോയിസ്റ്റ് ഭീഷണി

Akshay-Saina അക്ഷയ് കുമാർ, സൈന നെഹ്‌വാൾ

നാഗ്പുർ∙ മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് ജവാൻമാരുടെ കുടുംബങ്ങൾക്കു സാമ്പത്തിക സഹായം നൽകിയ ബോളിവുഡ് താരം അക്ഷയ് കുമാർ, ഒളിംപിക്സ് വെങ്കല മെഡൽ ജേതാവ് സൈന നെഹ്‌വാൾ എന്നിവർക്കെതിരെ വിമർശനവുമായി മാവോയിസ്റ്റുകൾ. ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയിൽ ഇക്കഴിഞ്ഞ മാർച്ചിൽ മാവോയിസ്റ്റുകൾ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട ജവാൻമാരുടെ കുടുംബങ്ങൾക്കാണ് ഇരുവരും സാമ്പത്തിക സഹായം നൽകിയത്. ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ബാധിത പ്രദേശമായ ദക്ഷിണ ബസ്തറില്‍ വിതരണം ചെയ്ത ലഘുലേഖയിലാണ് ഇവരുവർക്കുമെതിരായ വിമർശനമുള്ളത്.

സുഖ്മയിൽ കൊല്ലപ്പെട്ട 12 ജവാൻമാരുടെ കുടുംബങ്ങൾക്കും കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ അക്ഷയ് കുമാർ ഒൻപതു ലക്ഷം രൂപ വീതം നൽകിയിരുന്നു. സമാനമായ രീതിയിൽ സൈന നെഹ്‌വാളും ഇവർക്ക് 50,000 രൂപ വീതം നൽകി. ക്രിക്കറ്റ് താരം ഗൗതം ഗംഭീർ കൊല്ലപ്പെട്ട ജവാൻമാരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകളും ഏറ്റെടുത്തിരുന്നു. ഇവരുൾപ്പെടെ ഒട്ടേറെപ്പേരാണു സുഖ്മയിൽ കൊല്ലപ്പെട്ട ജവാൻമാരുടെ കുടുംബങ്ങൾക്കു സഹായഹസ്തവുമായി രംഗത്തെത്തിയത്.

അടിച്ചമർത്തപ്പെടുന്ന ഗോത്രവർഗക്കാർക്കൊപ്പമാണ് ഇവരപ്പോലുള്ള ആളുകൾ നിലകൊള്ളേണ്ടതെന്നു ലഘുലേഖയിൽ പറയുന്നു. മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്ന ആളുകൾക്കായി ശബ്ദമുയർത്തുകയാണു പ്രശസ്തരായ വ്യക്തികൾ ചെയ്യേണ്ടത്. സായുധ സൈന്യത്തിന്റെ കിരാത നയങ്ങൾ മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു വിഭാഗം ജനങ്ങൾ രാജ്യത്തുണ്ട്. ഇത്തരക്കാർക്കെതിരെ നിലകൊള്ളുന്നതിന്റെ പേരിൽ ജീവൻ നഷ്ടമാകുന്ന സൈനികരെയല്ല, മറിച്ചു മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെടുന്ന ഈ ജനതയ്ക്കൊപ്പമാണു സൈനയെയും അക്ഷയ് കുമാറിനെയും പോലുള്ളവർ നിലകൊള്ളേണ്ടതെന്നും ലഘുലേഖയിൽ വിശദീകരിക്കുന്നു.

കോർപ്പറേറ്റുകളുടെയും രാഷ്ട്രീയ അധികാരികളുടെയും ഇച്ഛയ്ക്കനുസരിച്ചു പ്രവർത്തിക്കുന്നതിന്റെ പേരിലാണു ജവാൻമാർക്കു ജീവൻ നഷ്ടമാകുന്നത്. അവർ രാജ്യത്തിനായി രക്തസാക്ഷികളാകുന്നവരല്ല. ഗോത്രവർഗക്കാർ ഉൾപ്പെടെയുള്ള പ്രദേശവാസികളെ ചൂഷണം ചെയ്തതിന്റെ പേരിലാണു ജവാൻമാരെ ശിക്ഷിച്ചതെന്നും മാവോയിസ്റ്റുകൾ അവകാശപ്പെടുന്നു.