Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു രൂപ നോട്ടിനു നൂറു വയസ്; ശതാബ്ദി വർഷത്തിൽ പുതുരൂപം

One Rupee

ന്യൂഡൽ‌ഹി ∙ 23 വർഷം മുമ്പ് അച്ചടി അവസാനിപ്പിച്ച ഒരു രൂപ നോട്ട് പുതിയ രൂപത്തിലും ഭാവത്തിലും പുനരവതരിക്കുന്നു. നോട്ട് അസാധുവാക്കലിനുശേഷം പുറത്തിറക്കിയ പുതിയ 500, 2000 രൂപ നോട്ടുകൾക്കു പിന്നാലെയാണ് ഒരു രൂപയും വരുന്നത്. 1994ൽ ഒരു രൂപ നോട്ടിന്റെ അച്ചടി റിസർവ് ബാങ്ക് അവസാനിപ്പിച്ചിരുന്നു. 2015ൽ പുനരാരംഭിച്ചെങ്കിലും അധികം ലഭിക്കാനില്ല.

പിങ്ക്, പച്ച നിറങ്ങളിലാകും പുതിയ നോട്ടുകളെന്നു ആർബിഐ പറഞ്ഞു. പുതിയ ഒരു രൂപ നോട്ടിൽ കേന്ദ്ര ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് ആണ് ഒപ്പിടുക. മറ്റുള്ള നോട്ടുകളിൽ റിസർവ് ബാങ്ക് ഗവർണറാണ് ഒപ്പിടുന്നത്. സാഗർ സമ്രാട്ട് എണ്ണക്കിണറിന്റെ ചിത്രം ആലേഖനം ചെയ്തതാകും പുതിയ നോട്ടെന്നാണ് അറിയുന്നത്. 15 ഭാഷകളിൽ മൂല്യം രേഖപ്പെടുത്തും. ഒരു രൂപ നാണയം തുടരുമെന്നു ആർബിഐ വ്യക്തമാക്കി.

സെഞ്ച്വറിയടിച്ച് ഒരു രൂപ

നോട്ടുകളിലെ ഒന്നാമനായ ഒരു രൂപ നൂറാം വയസ്സിലേക്കു കടക്കുന്നു. 2017 നവംബർ 30ന് ഒരു രൂപ നോട്ടിന്റെ 100–ാം ജന്മദിനമാണ്. ചെറിയ മൂല്യത്തിലുള്ള നോട്ടുകളുടെ ആവശ്യകത മനസ്സിലാക്കി ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ പേരിലിറങ്ങിയ ആദ്യ നോട്ടിൽ ജോർജ് അഞ്ചാമൻ രാജാവിന്റെ അർധകായ ചിത്രമാണ് ഉണ്ടായിരുന്നത്. ഇംഗ്ലിഷ് കൂടാതെ എട്ടു ഭാഷകളിൽ മൂല്യം രേഖപ്പെടുത്തിയിരുന്നു.

സ്വാതന്ത്ര്യലബ്ധിക്കു ശേഷം ധനകാര്യ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലായി ഒരു രൂപയുടെ അച്ചടിയും വിതരണവും. 1949ൽ ഒരു രൂപ അച്ചടിച്ചു. ധനകാര്യ സെക്രട്ടറി കെ.ആർ.കെ.മേനോൻ ഒപ്പിട്ടതായിരുന്നു നോട്ട്. ജോർജ് ആറാമന്റെ തലയ്ക്കു പകരം അശോകസ്തംഭമായി.

1952 മുതൽ 56 വരെയും 58 മുതൽ 62 വരെയും 1982ലും ഒരു രൂപ അച്ചടിച്ചില്ല. ഇതിനിടെ ഗൾഫ് നാടുകളിലെ വിനിമയത്തിനായി ചുവപ്പു നിറത്തിൽ ഒരു രൂപ അച്ചടിച്ചു. 1994ൽ ഒരു രൂപയുടെ അച്ചടി നിലച്ചു. 2015ൽ വീണ്ടും ഒരു രൂപ അച്ചടിച്ചു, പക്ഷേ ഡിസൈനിൽ മാറ്റമില്ലായിരുന്നു.