ഹ്രസ്വദൂര മിസൈൽ പരീക്ഷണം വിജയം; ഏതു കാലാവസ്ഥയിലും സദാസജ്ജം

Representational Image

ബലാസോർ∙ തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ച ഹ്രസ്വദൂര മിസൈലിന്റെ പരീക്ഷണം വിജയം. കരയിൽ നിന്നും തൊടുത്തുവിടാവുന്ന ദ്രുതപ്രതികരണ ശേഷിയുള്ള മിസൈലാണിത്. ഒഡിഷ തീരത്തു ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു പരീക്ഷണം.

ചന്ദിപ്പുരിലെ പരീക്ഷണ മേഖലയിൽ എത്തിച്ച ട്രക്കിൽനിന്നാണു മിസൈൽ പരീക്ഷിച്ചതെന്നാണു ഔദ്യോഗിക വിശദീകരണം. ക്വിക്ക് റിയാൿഷൻ സർഫസ് ടു എയർ മിസൈൽ (ക്യുആർഎസ്എഎം) ആണിത്. ഡിആർഡിഒ വികസിപ്പിച്ച മിസൈലിന്റെ ദൂരപരിധി 20–30 കിലോമീറ്ററാണ്.

പല ലക്ഷ്യങ്ങളെ ഒരേസമയം ഉന്നമിടാവുന്ന മിസൈലാണിത്. ഏതു കാലാവസ്ഥയിലും പ്രവർത്തന സജ്ജം. മിസൈലിന്റെ പരീക്ഷണം വീണ്ടും നടക്കുമെന്ന് അധികൃതർ അറിയിച്ചു.