വാഷിങ്ടൻ ∙ കിം ജോങ് ഉന്നിന്റെ നാട്ടിൽ നേരിട്ട നരകയാതനകളുടെയും പീഡാനുഭവങ്ങളുടെയും നൊമ്പരപ്പെടുത്തുന്ന കഥകൾ പങ്കുവച്ച്, ഉത്തരകൊറിയ വിട്ടയച്ച യുഎസ് വിദ്യാർഥി ഒട്ടോ ഫ്രെഡറിക് വാമ്പിയറിന്റെ കുടുംബം. ഉത്തരകൊറിയ വിട്ടയച്ചതിനെ തുടർന്ന് വിമാനമാർഗം യുഎസിലെ ഒഹിയോയിലെത്തിയ വാമ്പിയറിനെ, ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് മകൻ ഉത്തരകൊറിയയിൽ അനുഭവിച്ച നരകയാതനകൾ വാമ്പിയറിന്റെ മാതാപിതാക്കൾ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. മാനുഷിക പരിഗണനയുടെ പേരിലെന്ന് വ്യക്തമാക്കിയാണ് 17 മാസങ്ങൾക്കു ശേഷം ഉത്തരകൊറിയ വാമ്പിയറിനെ മോചിപ്പിച്ചത്.
അതേസമയം, സ്വബോധം പോലും നഷ്ടപ്പെട്ട വാമ്പിയർ, ഒരു വർഷത്തോളം ‘കോമ’ അവസ്ഥയിലാണ് ഉത്തരകൊറിയയിൽ കഴിച്ചുകൂട്ടിയതെന്ന് അദ്ദേഹത്തിന്റെ വീട്ടുകാർ വെളിപ്പെടുത്തി. 2016 മാർച്ചിൽ വിചാരണ പൂർത്തിയാക്കി ജയിലിൽ അടച്ചതുമുതൽ ഇയാൾ ‘കോമ’ അവസ്ഥയിലായിരുന്നത്രെ. ഏതാണ്ട് പൂർണമായും തളർന്നുപോയ വാമ്പിയറിന് ഉറക്കഗുളിക നൽകി സ്ഥിരമായി മയക്കി കിടത്തുകയായിരുന്നു പതിവെന്നാണ് വിവരം. ഉത്തരകൊറിയയിലെ ശിക്ഷാകാലം അതികഠിനമായിരുന്നെന്നും മകന്റെ ആരോഗ്യസ്ഥിതി തീർത്തും മോശമാണെന്നും വാമ്പിയറിന്റെ കുടുംബാംഗങ്ങൾ വെളിപ്പെടുത്തി. ഓഹിയോയിൽ വിമാനമിറങ്ങിയ വാമ്പിയറിനെ ആംബുലൻസിൽ കയറ്റി നേരെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും മാതാപിതാക്കൾ വ്യക്തമാക്കി. വാമ്പിയറിന് ഇപ്പോഴും സ്വബോധം വീണ്ടുകിട്ടിയിട്ടില്ല.
വെർജീനിയ യൂണിവേഴ്സിറ്റിയിൽ വിദ്യാർഥിയായ ഒട്ടോ വാമ്പിയർ, പുതുവൽസരാഘോഷത്തിന്റെ ഭാഗമായി മറ്റു ടൂറിസ്റ്റുകളോടു ചേർന്ന് അഞ്ചു ദിവസത്തെ ഉത്തരകൊറിയൻ സന്ദർശനത്തിനെത്തിയപ്പോഴാണു കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഹോട്ടലിൽ പ്രദർശിപ്പിച്ചിരുന്ന ഒരു ബാനർ മോഷ്ടിച്ചു എന്ന കുറ്റം ചുമത്തി വാമ്പിയറെ 2016 ജനുവരിയിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. ചൈനയിലേക്കു മടങ്ങാൻ പ്യോങ്യാങ് വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. കുറ്റം വാമ്പിയർ സമ്മതിച്ചിരുന്നു. ഹോട്ടലിൽ പ്രദർശിപ്പിച്ചിരുന്ന ഒരു രാഷ്ട്രീയ മുദ്രാവാക്യം രേഖപ്പെടുത്തിയിരുന്ന ബാനർ താൻ എടുത്തു മാറ്റിയെന്നായിരുന്നു വാമ്പിയർ പറഞ്ഞത്.
എന്നാൽ അതു ഉത്തരകൊറിയയ്ക്കെതിരെ കാട്ടിയ ദ്രോഹമായി ചിത്രീകരിക്കുകയും സുപ്രീംകോടതി 15 വർഷത്തെ കഠിന ജോലിക്കു വിദ്യാർഥിയെ ശിക്ഷിക്കുകയുമായിരുന്നു. നിസാരകുറ്റത്തിന് ഇത്ര കഠിനമായ ശിക്ഷ വിധിച്ച നിടപടി രാജ്യാന്തര തലത്തിൽ വിമർശനത്തിന് വിധേയമായിരുന്നു. യുഎൻ രക്ഷാസമിതി ഉത്തരകൊറിയയ്ക്കെതിരെ ആയിടയ്ക്ക് ഏർപ്പെടുത്തിയ കർശന ഉപരോധത്തിനു പിന്നിൽ പ്രവർത്തിച്ച യുഎസിനോടുള്ള വിരോധമാണ് ഈ വിധിയിൽ പ്രതിഫലിക്കുന്നതെന്നായിരുന്നു വിമർശനത്തിന്റെ കാതൽ.
വിധിയെ അപലപിച്ച് ഹ്യൂമൻ റൈറ്റ്സ് വാച്ച് എന്ന മനുഷ്യാവകാശ സംഘടന രംഗത്തെത്തിയിരുന്നു. കോളജു കുട്ടികൾക്കു സഹജമായ ചാപല്യത്തോടെ ഒട്ടോ വാമ്പിയർ എന്ന വിദ്യാർഥി കാട്ടിയ കൊച്ചു കുസൃതിയെ പർവതീകരിച്ചു ജയിൽശിക്ഷയും 15 വർഷത്തെ കഠിനജോലിയും വിധിച്ചത് അങ്ങേയറ്റം ക്ഷോഭജനകമാണെന്നും ഇത് ഒരു കാരണവശാലും അനുവദിക്കാൻ പാടില്ലെന്നും ഹ്യൂമൻ റൈറ്റ്സ് വാച്ച് ഏഷ്യൻ വിഭാഗം ഡപ്യൂട്ടി ഡയറക്ടർ ഫിൽ റോബർട്സൺ ഇ–മെയിൽ സന്ദേശത്തിൽ ചൂണ്ടിക്കാട്ടുകയും ചെയ്തു.
വാമ്പിയർ പിടിയിലായതുമുതൽ ഇയാളുടെ മോചനത്തിനായി യുഎസ് ഉത്തരകൊറിയയ്ക്കു മേൽ സമ്മർദ്ദം ചെലുത്തിവരികയായിരുന്നു. വാമ്പിയറിനെ വിട്ടയച്ചെങ്കിലും മൂന്ന് യുഎസ് പൗരൻമാർ ഇപ്പോഴും ഉത്തരകൊറിയയുടെ കസ്റ്റഡിയിലുണ്ട്. പ്യോങ്യാങ് സർവകലാശാലയിൽ പ്രഫസർമാരായിരുന്ന രണ്ടു പേരും ഒരു വ്യവസായിയുമാണ് ഉത്തരകൊറിയയുടെ പിടിയിലുള്ള യുഎസ് പൗരൻമാർ. ഇവരുടെ മോചനത്തിനുള്ള ശ്രമം തുടരുകയാണ്.