പാക്ക് വിജയം ആഘോഷിക്കുന്നവർ പാക്കിസ്ഥാനിലേക്ക് പോകണം: ഖൈറുൽ ഹസൻ

ചാംപ്യൻസ് ട്രോഫി ജേതാക്കളായ പാക്കിസ്ഥാൻ ടീം കിരീടവുമായി.

ന്യൂ‍ഡൽഹി∙ പാക്ക് ടീമിന്റെ വിജയം ആഘോഷിക്കുന്നവർ പാക്കിസ്ഥാനിലേക്കു പോകണമെന്നു ദേശീയ ന്യൂനപക്ഷ കമ്മിഷൻ അധ്യക്ഷൻ ഖൈറുൽ ഹസൻ റിസ്‍വി. ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തിയ പാക്ക് ടീമിനെ അനുകൂലിച്ച് ആഹ്ലാദപ്രകടനം നടത്തിയതിനു കാസർകോട് ഉൾപ്പെടെ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിരവധിപേരെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ഖൈറുൽ ഹസൻ.

ഉത്തർപ്രദേശിൽനിന്നുള്ള ഖൈറുൽ ഹസൻ ഇഫ്താർ പാർട്ടിക്കായി ഇവിടെ എത്തിയപ്പോഴായിരുന്നു പ്രതികരണം. 'പാക്ക് ടീമിന്റെ വിജയം ഇഷ്ടപ്പെട്ട ഇന്ത്യയിലെ ചിലയാളുകൾ ഈദിനു മുമ്പുള്ള ഈദ് ആണെന്നു വിശേഷിപ്പിച്ചിരുന്നു. പാക്കിസ്ഥാന്റെ വിജയത്തിൽ സന്തോഷിക്കുന്നവർ അവിടേക്കു പോകണം. അതല്ലെങ്കിൽ അവരുടെ ഹൃദയം പാക്കിസ്ഥാനിലായതിനാൽ അവിടേക്കു പറഞ്ഞയയ്ക്കണം'- റിസ്‍വി പറഞ്ഞു. മേയിലാണ് ഇദ്ദേഹത്തെ ന്യൂനപക്ഷ കമ്മിഷൻ അധ്യക്ഷനായി നിയമിച്ചത്.

പാക്കിസ്ഥാൻ ടീമിനെ അനുകൂലിച്ചു മുദ്രാവാക്യം വിളിക്കുകയും ആഹ്ലാദപ്രകടനം നടത്തി പടക്കം പൊട്ടിക്കുകയും ചെയ്ത സംഭവത്തിൽ കാസർകോട് 23 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കുടകിൽ മൂന്നു യുവാക്കളെയും മധ്യപ്രദേശിൽ 15 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. രാത്രിയിൽ പൊതുസ്ഥലത്തു മറ്റുള്ളവരെ ഭീതിയിലാഴ്ത്തുംവിധം പടക്കം പൊട്ടിക്കുക (ഐപിസി 486), മനഃപൂര്‍വം ലഹളയുണ്ടാക്കാന്‍ ശ്രമിക്കുക (ഐപിസി 153), വിശ്വാസത്തിനു വ്രണം ഏൽപ്പിക്കാനുള്ള മനഃപൂര്‍വമായ ശ്രമം (ഐപിസി 295എ) വകുപ്പുകൾ അനുസരിച്ചാണു കേസെടുത്തിരിക്കുന്നത്. പ്രദേശിക ബിജെപി നേതാവിന്റെ പരാതിയിലാണു കാസർകോട്ട് യുവാക്കൾക്കെതിരെ കേസെടുത്തത്.