തൃശൂർ∙ മതിലകത്തെ ബിജെപി പ്രവർത്തകരുടെ കള്ളനോട്ടടി കേസ് ക്രൈംബ്രാഞ്ചിനു കൈമാറും. കള്ളനോട്ടടിക്കു പിന്നിൽ ഉന്നത ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായാണിത്. ബിജെപി പ്രവർത്തകരുടെ വീട്ടിൽനിന്നു കണ്ടെടുത്ത ഉപകരണങ്ങൾ ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കാനും തീരുമാനിച്ചു.
ഒബിസി മോർച്ച കയ്പമംഗലം നിയോജകമണ്ഡലം ജനറൽ സെക്രട്ടറി രാജീവ് ഏരാശേരി അദ്ദേഹത്തിന്റെ സഹോദരൻ യുവമോർച്ച പ്രവർത്തകൻ രാഗേഷ് ഏരാശേരി എന്നിവരുടെ വീട്ടിൽനിന്നാണ് കള്ളനോട്ടും ഉപകരണങ്ങളും പിടിച്ചത്.
ഒളിവിലായിരുന്ന രാജീവ് ഇന്നലെ രാത്രി അറസ്റ്റിലായിരുന്നു. കള്ളനോട്ട് അടിക്കാനുള്ള ഉപകരണങ്ങൾ വാങ്ങിയത് ജൂൺ 10 ന് ആണെന്നും രണ്ടാഴ്ച മാത്രമെ നോട്ടടിച്ചിട്ടുള്ളെന്നുമാണ് പ്രതികൾ പറയുന്നത്. എന്നാൽ മൂന്ന് മാസത്തോളമായി നോട്ടടിച്ച് വിതരണം ചെയ്തതായി പൊലീസിനു സംശയമുണ്ട്. ഈ സാഹചര്യത്തിലാണ് കൂടുതൽ അന്വേഷണത്തിനായി കേസ് ക്രൈംബ്രാഞ്ചിനു കൈമാറുന്നത്.