എംബിബിഎസിന് ഫീസ് അഞ്ചര ലക്ഷം; പോരെന്ന് മാനേജ്മെന്റ്, കോടതിയിലേക്ക്

തിരുവനന്തപുരം∙ സ്വാശ്രയ മെഡിക്കൽ കോളജുകളിലേക്കുള്ള സീറ്റുകളിൽ ഫീസ് നിശ്ചയിച്ചു. എംബിബിഎസ് പ്രവേശനത്തിനുള്ള 85 ശതമാനം സീറ്റുകളിൽ അഞ്ചര ലക്ഷം രൂപയായിരിക്കും ഫീസ്.

10 മുതൽ 15 ലക്ഷം വരെ ഫീസ് വേണമെന്നായിരുന്നു ആവശ്യം. എന്നാൽ മാനേജ്മെന്റുകളുടെ ആവശ്യം ഫീസ് നിർണയസമിതി തള്ളി. എൻആർഐ സീറ്റിൽ 20 ലക്ഷം രൂപയും ഫീസായി തീരുമാനിച്ചു. ഫീസ് നിർണയസമിതിയാണ് ഇതുസംബന്ധിച്ച തീരുമാനത്തിലെത്തിയത്.

അതേസമയം, പുതുക്കിയ ഫീസ് അംഗീകരിക്കില്ലെന്ന് മാനേജ്മെന്റുകൾ വ്യക്തമാക്കി. ഫീസ് നിർണയത്തിനെതിരെ മാനേജ്‍മെന്റുകൾ ചൊവ്വാഴ്ച കോടതിയെ സമീപിക്കും. ഫീസ് നിർണയം ശാസ്ത്രീയമല്ല. കുറഞ്ഞത് എട്ടുലക്ഷമെങ്കിലും ഫീസ് വേണമെന്ന്ആവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുന്നതെന്നു മാനേജ്‍മെന്റ് അസോസിയേഷൻ പ്രതിനിധി ഫസൽ ഗഫൂർ പറഞ്ഞു.