Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തച്ചങ്കരിയുടെ നിയമനം: സർക്കാർ വസ്തുതകൾ മറയ്ക്കുന്നുവെന്ന് ഹൈക്കോടതി

Tomin J Thachenkary

കൊച്ചി ∙ ടോമിൻ ജെ. തച്ചങ്കരിയെ എഡിജിപിയായി നിയമിച്ചത് ചോദ്യം ചെയ്തുള്ള ഹർജിയിൽ സർക്കാർ വസ്തുതകൾ മറച്ചുവയ്ക്കുന്നെന്ന് ഹൈക്കോടതി. തച്ചങ്കരിയെ സസ്പെൻഡ് ചെയ്യാൻ വിജിലൻസ് ഡയറക്ടർ പുറപ്പെടുവിച്ച ഉത്തരവിന്മേൽ എന്തു നടപടി സ്വീകരിച്ചെന്ന് ചോദിച്ച കോടതി പുതിയ സത്യവാങ്മൂലം സമർപ്പിക്കാനും നിർദേശം നൽകി.

ടോമിൻ തച്ചങ്കരിയെ സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്ത് വിജിലൻസ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് നൽകിയ കത്താണ് ഹർജിക്കാർ ഹൈക്കോടതിയിൽ ഹാജരാക്കിയത്. നിയമനം ചോദ്യം ചെയ്തുള്ള ഹർജിക്ക് സർക്കാർ സമർപിപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ ഈ ശുപാർശയെ കുറിച്ച് ഒരു പരാമർശം പോലുമില്ല. ജേക്കബ് തോമസിന്റെ ശുപാർശയിൽ എന്തുനടപടിയെടുത്തെന്ന് ഇതോടെ കോടതി ചോദിച്ചു. വസ്തുതകൾ മറച്ചുവയ്ക്കാൻ സർക്കാർ ശ്രമിക്കുന്നതായും കോടതി വിമർശിച്ചു. ഇക്കാര്യത്തിലെ വിശദീകരണങ്ങളെല്ലാം ഉൾപ്പെടുത്തി പുതിയ സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദേശിച്ചു.

അർഹതയില്ലാഞ്ഞിട്ടും ടോമിൻ തച്ചങ്കരിക്ക് ഉദ്യോഗക്കയറ്റം നൽകിയത് രാഷ്ട്രീയ സമ്മർദം മൂലമാണെന്ന ഹർജിക്കാരുടെ വാദം കോടതി തള്ളി. 30വർഷം സർവീസുള്ളയാളാണ് ടോമിൻ തച്ചങ്കരിയെന്ന സർക്കാർ വാദം ഇക്കാര്യത്തിൽ കോടതി അംഗീകരിച്ചു. പൊലീസ് ആസ്ഥാനത്തെ ഭരണനിര്‍വഹണത്തിന് ‍എഡിജിപി ടോമിന്‍ തച്ചങ്കരി യോഗ്യനെന്ന് വ്യക്തമാക്കിയായിരുന്നു സർക്കാരിന്റെ ആദ്യസത്യവാങ്മൂലം. നിയമനം സർക്കാരിന്റെ വിവേചനാധികാരമാണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. ഹർജി അടുത്തമാസം 10ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

related stories