പനി വാർഡിലെ വെള്ളത്തില്‍ എലിയുടെ അവശിഷ്ടം; അന്വേഷിക്കുമെന്ന് മന്ത്രി

കോഴിക്കോട് ജനറല്‍ ആശുപത്രിയില്‍ പനി വാര്‍ഡില്‍ വിതരണം ചെയ്ത വെള്ളത്തിൽ കണ്ടെത്തിയ എലിയുടെ അവശിഷ്ടം.

കോഴിക്കോട് ∙ കോഴിക്കോട് ജനറല്‍ ആശുപത്രിയില്‍ പനി വാര്‍ഡില്‍ വിതരണം ചെയ്ത വെള്ളത്തില്‍ എലിയുടെ അവശിഷ്ടം കണ്ടെത്തിയതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധം. സ്ത്രീകളെ പ്രവേശിപ്പിച്ചിരിക്കുന്ന 24–ാം വാര്‍ഡിലെ പൈപ്പിലൂടെയാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. രോഗികളും ബന്ധുക്കളും പ്രതിഷേധിച്ചതോടെ വിഷയം രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുത്തു. ഡിസിസി പ്രസിഡന്റ് ടി. സിദ്ദിഖിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ആശുപത്രിക്കു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

സംഭവത്തെക്കുറിച്ച് ആരോഗ്യവകുപ്പ് അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ആശുപത്രി ശുചീകരിക്കുന്ന കാര്യത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ച്ച സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കും. വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.