പാലക്കാട് ∙ ഇറച്ചിക്കോഴി വിലയിൽ തമിഴ്നാട്ടിലെ വ്യാപാരികളുടെ ആധിപത്യം തകർക്കാൻ സർക്കാർ നടപടി ആരംഭിക്കുന്നു. രാജ്യത്തെ വൻകിട ബ്രോയിലർ ഏജൻസിയിൽ നിന്നു മുട്ടകൾ വാങ്ങി വെറ്ററിനറി സർവകലാശാലയിലേതുൾപ്പെടെയുള്ള 20 ഹാച്ചറികളിൽ വിരിയിച്ചു കുടുംബശ്രീക്കു കൈമാറാനാണു പരിപാടി. ഒാണത്തിനു സംസ്ഥാനത്തു വളർത്തിയ കോഴികൾ വിപണിയിൽ എത്തിക്കാനാണു ശ്രമം.
മന്ത്രിമാരായ ടി.എം. തോമസ് ഐസക്, കെ.രാജു എന്നിവരുടെ സാന്നിധ്യത്തിൽ കെപ്കോ, കുടുംബശ്രീ, മൃഗസംരക്ഷണ വകുപ്പു മേധാവികൾ പങ്കെടുത്ത യോഗത്തിലാണു തീരുമാനം. അടുത്ത ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ പദ്ധതിക്ക് അന്തിമ രൂപമാകും.
ഒരു കുടുംബശ്രീ യൂണിറ്റിന് 1,000 കോഴിക്കുഞ്ഞുങ്ങൾ എന്ന നിലയിൽ 5,000 യൂണിറ്റുകൾ വഴി രണ്ടു മാസത്തിനുള്ളിൽ 50 ലക്ഷം കോഴികളെ വളർത്തിയെടുക്കാനാണു പദ്ധതി. ആദ്യഘട്ടത്തിൽ 1,000 കുഞ്ഞുങ്ങളെ വീതം 500 യൂണിറ്റുകൾക്കു നൽകും.
മുട്ട 21 ദിവസത്തിനകം വിരിയും. 40 ദിവസം വളർച്ചയായ കോഴികളെ വിപണിയിൽ എത്തിക്കാം. മുട്ട വാങ്ങാൻ ആദ്യ ഘട്ടത്തിൽ അഞ്ചു കോടി രൂപ അനുവദിക്കും. കെപ്കോ, മീറ്റ് പ്രോഡക്ട്സ് ഒാഫ് ഇന്ത്യ, വയനാട്ടിലെ ബ്രഹ്മഗിരി ഡെയറി ഫാം എന്നിവ മുഖേന ഘട്ടം ഘട്ടമായി വിൽപന കേന്ദ്രങ്ങൾ ആരംഭിക്കും. കോഴിത്തീറ്റ സർക്കാർ ഏജൻസികളിൽ നിന്നു നൽകും. വെറ്ററിനറി സർവകലാശാല മുഖേന കൂടുതൽ തീറ്റ ഉൽപാദിപ്പിക്കും.