തിരുവനന്തപുരം∙ നടൻ ശ്രീനാഥിന്റെ മരണം സംബന്ധിച്ച ദുരൂഹത നീക്കണമെന്ന് ഭാര്യ ലത. മരണസമയത്ത് ശരീരത്തിലുണ്ടായിരുന്ന മുറിവുകൾ എങ്ങനെയുണ്ടായെന്ന് വ്യക്തമല്ല. ഫോണും പഴ്സും കാണാതായതും സംശയകരമാണ്. ഇപ്പോഴുയരുന്ന ആരോപണങ്ങൾ സംശയമുണർത്തുന്നു. എന്നാൽ പ്രത്യേകമായി ആരെയും സംശയിക്കുന്നില്ല. അന്വേഷണത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും പരാതി നൽകുമെന്നും ലത പറഞ്ഞു. ശ്രീനാഥിന്റെ ശരീരത്തിൽ 11 ഇടത്ത് മുറിവുകളും ചതവുകളുമുണ്ടെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് മരണത്തെക്കുറിച്ച് സംശയിക്കാൻ മുഖ്യ കാരണം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ പകർപ്പും മനോരമ ന്യൂസിന് ലഭിച്ചു.
2010 ഏപ്രിൽ 23ന് ആണ് ശ്രീനാഥിനെ കോതമംഗലത്തുള്ള ഹോട്ടൽ മുറിയിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചു. കൈ ഞരമ്പുകൾ ബ്ലേഡുപയോഗിച്ച് മുറിച്ചിരുന്നു. പൊലീസ് ആത്മഹത്യയായി എഴുതിത്തള്ളി. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പതിനൊന്നിടങ്ങളിൽ ചതവുകളും മുറിവുകളുമുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ചതവുകളെല്ലാം കൈകളിലും കാലുകളിലും പിൻഭാഗത്തുമായാണ്. ഇത് ദുരൂഹതയുണർത്തുന്നതാണെന്ന് ശ്രീനാഥിന്റെ കുടുംബം പറയുന്നു.
ശ്രീനാഥിന്റെ ഫോണും പഴ്സുമടക്കം നഷ്ടമായതും സംശയമുണർത്തി. 2010ൽ തന്നെ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും പരാതി നൽകിയെങ്കിലും കാര്യമുണ്ടായില്ല. പറക്കമുറ്റാത്ത മകനുമായി ശ്രീനാഥിന്റെ അകാലമരണത്തിൽ തളർന്നുപോയ ലതയ്ക്ക് കേസിന് പിന്നാലെ പോകാനായില്ല. ആറുമാസം മുമ്പ് വിവരാവകാശ േരഖപ്രകാരം രേഖകൾ ചോദിച്ചപ്പോൾ കേസ്ഫയൽ കണ്ടുകിട്ടിയില്ല എന്ന മറുപടി കോതമംഗലം പൊലീസ് സ്റ്റേഷനിൽനിന്ന് കിട്ടിയതോടെയാണ് പോരാടാന്‍ തീരുമാനിച്ചത്. തിരുവനന്തപുരത്തെ ഒരു ചെറിയ വാടകവീട്ടിലാണ് ശ്രീനാഥിന്റെ ഭാര്യയും മകനും ഇന്ന് താമസിക്കുന്നത്.