തിരുവനന്തപുരം∙ നടൻ ശ്രീനാഥിന്റെ മരണത്തിന് തൊട്ടുമുമ്പ് അദ്ദേഹത്തിന്റെ മുറിയിൽ രണ്ടുപേർ എത്തിയിരുന്നെന്ന് മൊഴി. ശ്രീനാഥ് താമസിച്ചിരുന്ന ഹോട്ടലിലെ ജനറൽ മാനേജർ ജോയിയാണ് അന്വേഷണസംഘത്തോട് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇരുപതുമിനിറ്റോളം ഇവർ ശ്രീനാഥിന്റെ മുറിയിലുണ്ടായിരുന്നെന്നു വ്യക്തമാക്കുന്ന ജോയിയുടെ മൊഴിയുടെ പകർപ്പ് മനോരമ ന്യൂസ് പുറത്തുവിട്ടു.
ശ്രീനാഥ് മരിച്ച 23ന് രാവിലെ എട്ടിനു ചിത്രത്തിന്റെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സഞ്ജു വൈക്കം, പ്രൊഡക്ഷൻ കൺട്രോളർ മനോജ് എന്നിവർ ശ്രീനാഥിന്റെ മുറിയിലെത്തിയിരുന്നതായി ജോയിയുടെ മൊഴിയിൽ പറയുന്നു. ഏകദേശം 20 മിനിറ്റിനു ശേഷം അവർ റിസപ്ഷനിലെത്തി ശ്രീനാഥിനെ സിനിമയിൽനിന്നു മാറ്റിയെന്നും ഉച്ചയോടെ മുറി ഒഴിയുമെന്നും പറഞ്ഞു. 20 മിനിറ്റിനുശേഷം ശ്രീനാഥിന്റെ മുറിയിൽനിന്ന് റിസപ്ഷനിലേക്ക് ഫോൺ വന്നു. ഫോണെടുത്തപ്പോൾ മറുതലയ്ക്കൽ ഞരക്കമാണ് കേട്ടത്. ശ്രീനാഥിന്റെ മുറിയിലെത്തി നോക്കിയപ്പോൾ വാതിലിന് പുറകിലായി വീണുകിടക്കുന്നതാണ് കണ്ടത്. ദേഹത്തും മുറിയിലും രക്തം ഒലിച്ചിരുന്നുവെന്നും മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
സന്ദർശകരും ശ്രീനാഥുമായി സംസാരിച്ചതെന്തെന്നോ മുറിയിൽ സംഭവിച്ചതെന്തെന്നോ വ്യക്തമല്ല. ഇക്കാര്യങ്ങൾ കണ്ടെത്തി വെളിപ്പെടുത്താൻ പൊലീസ് തയാറാകണമെന്നാണ് ശ്രീനാഥിന്റെ കുടുംബം ആവശ്യപ്പെടുന്നത്. 2010 ഏപ്രിൽ 21ന് ആയിരുന്നു ശ്രീനാഥ് കോതമംഗലത്തുള്ള ഹോട്ടൽ മരിയ ഇന്റർനാഷണലിൽ മുറിയെടുത്തത്. എം.പത്മകുമാറിന്റെ മോഹൻലാൽ ചിത്രം ശിക്കാറിൽ അഭിനയിക്കാനാണ് അദ്ദേഹം എത്തിയത്.