മലപ്പുറം ∙ ഭുവനേശ്വറിൽ നടന്ന ഏഷ്യൻ അത്‍ലറ്റിക് ചാംപ്യൻഷിപ്പിൽ വനിതാ ഷോട്പുട്ടിൽ സ്വർണം നേടിയ ഇന്ത്യയുടെ മൻപ്രീത് കൗർ ഉത്തേജക മരുന്ന് കുരുക്കിൽ. ഏഷ്യൻ മീറ്റിനു മുൻപായി ജൂണിൽ പട്യാലയിൽ നടന്ന ഫെഡറേഷൻ കപ്പിൽ നിരോധിത മരുന്ന് ഉപയോഗിച്ചതിനു താരത്തെ നാഡ (ദേശീയ ഉത്തേജക മരുന്നുവിരോധ ഏജൻസി) പിടികൂടി. നിരോധിത മരുന്നായ ഡൈമീഥൈൽ ബ്യൂട്ടൈൽഅമീൻ ഈ പഞ്ചാബുകാരി ഉപയോഗിച്ചെന്നാണു നാഡയുടെ കണ്ടെത്തൽ.
പക്ഷേ, ഈ മരുന്ന് രാജ്യാന്തര ഉത്തേജക മരുന്നുവിരോധ ഏജൻസിയുടെ (വാഡ) പട്ടികയിൽ ഉള്ളതിനാൽ അടുത്ത മാസം ലണ്ടനിൽ തുടങ്ങുന്ന ലോക ചാംപ്യൻഷിപ്പിൽ താരം പങ്കെടുക്കുന്ന കാര്യം സംശയത്തിലായി.
എന്നാൽ, മരുന്നുപയോഗത്തിന്റെ പേരിൽ നാഡയുടെ കമ്മിറ്റിക്കു മുന്നിൽ താരത്തിനു ഹാജരാകേണ്ടി വരും. വ്യക്തമായ കാരണം ബോധിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ വിലക്കുവരും. അങ്ങനെ വിലക്കുണ്ടായാൽ ലോക ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ കഴിയില്ല. ഏഷ്യൻ മെഡലും നഷ്ടമാകും.
ഏപ്രിലിൽ ചൈനയിൽ നടന്ന ഏഷ്യൻ ഗ്രാൻപ്രീയിൽ 18.86 മീറ്റർ എറിഞ്ഞാണു മൻപ്രീത് ലോക ചാംപ്യൻഷിപ്പിനു യോഗ്യത നേടിയത് (ലോക മീറ്റ് യോഗ്യത 17.75 മീറ്ററാണ്). 2015ൽ എറിഞ്ഞ 17.96 മീറ്റർ ആയിരുന്നു അതിനു മുൻപ് താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം. മരുന്നടിക്കു പിടിച്ചതോടെ ചൈനയിൽ പ്രകടനവും സംശയനിഴലിലായി.