കോഴക്കുരുക്കിൽ ബിജെപി; സംസ്ഥാന നേതൃത്വത്തോട് വിശദീകരണം തേടി കേന്ദ്രം

കൊച്ചി∙ മെഡിക്കൽ കോളജിനു കേന്ദ്രാനുമതി കിട്ടുന്നതിനായി കേരള ബിജെപിയിലെ നേതാക്കൾ 5.6 കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. മെഡിക്കൽ കോളജ് പോയിട്ട് ഒരു നഴ്സറി സ്കൂൾ പോലും വാങ്ങിച്ചുകൊടുക്കാൻ കഴിയാത്ത ആളാണ് താനെന്നു എം.ടി. രമേശ് പ്രതികരിച്ചു. കൊച്ചിയിൽ നടത്തിയ പ്രത്യേക വാർത്താ സമ്മേളനത്തിലാണ് കോഴ വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് എം.ടി രമേശ് വിശദീകരണം നൽകിയത്. അതിനിടെ, മെഡിക്കൽ കോഴവിവാദത്തിൽ ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ വിശദീകരണം തേടി. ബിജെപി സംസ്ഥാന ഘടകത്തോടാണ് വിശദീകരണം തേടിയത്.

എം.ടി. രമേശിന്റെ പ്രതികരണത്തിൽനിന്ന്

കേരളത്തിൽ എവിടെയെങ്കിലും മെഡിക്കൽ കോളേജിന് അനുതി കിട്ടാനായി താൻ പണം ആവശ്യപ്പെടുകയോ വാങ്ങുകയോ ചെയ്തിട്ടില്ല. മെഡിക്കൽ കോളജ് അനുവദിക്കണം എന്നു പറഞ്ഞുകൊണ്ട് ആരും തനിക്കും പണം വാഗ്ദാനം ചെയ്തിട്ടില്ല. മെഡിക്കൽ കോളജ് പോയിട്ട് ഒരു നഴ്സറി സ്കൂൾ പോലും വാങ്ങിച്ചുകൊടുക്കാൻ കഴിയാത്ത ആളാണ് താനെന്നു വ്യക്തമായി അറിയാം. വിഷയത്തിൽ തനിക്ക് പങ്കില്ലെന്നും രമേശ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വാർത്തകളിൽ പറയുന്ന മെഡിക്കൽ കോളജിന്റെ ഉടമസ്ഥരെ ജീവിതത്തിൽ ഇന്നേവരെ കണ്ടിട്ടില്ല. അവരുമായി ഒരുതരത്തിലുമുള്ള വ്യക്തിപരിചയവുമില്ല. ആ ഉടമകളുടെ പേരുപോലും പത്രവാർത്തകളിൽനിന്നാണു താനറിയുന്നത്. വിഷയത്തിൽ താൻ ഇടപെട്ടു എന്ന് അവരും എവിടെയും പരാതി പറഞ്ഞിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്. തിരുവനന്തപുരത്തെ മെ‍ഡിക്കൽ കോളജുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടക്കുന്ന പ്രചരണം വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവുമാണ്– രമേശ് പറഞ്ഞു.

മാധ്യമങ്ങളിൽ വന്ന വാർത്തകൾ ശരിയാണെങ്കിൽ പാലക്കാട് ജില്ലയിലെ ഒരു മെഡിക്കൽ കോളജിന് അനുവാദം വാങ്ങിക്കൊടുക്കാൻ‌ വേണ്ടി പണംവാങ്ങി എന്നാണ് അടുത്ത ആരോപണം. ഇക്കാര്യം മാധ്യമങ്ങൾക്കു നേരിട്ട് അന്വേഷിക്കാവുന്നതാണ്. പാലക്കാട്ടെ ഈ മെഡിക്കൽ കോളജിന്റെ ഉടമ ഒന്നര മാസം മുൻപ് എന്നെ വന്നുകണ്ടിരുന്നു എന്നതു വസ്തുതയാണ്. അതു നിഷേധിക്കുന്നില്ല. എന്നെക്കൊണ്ട് സാധിക്കുന്ന കാര്യമല്ല എന്ന് അദ്ദേഹത്തോടു മറുപടി പറഞ്ഞിരുന്നു. ഈ വിഷയത്തിൽ ഇടപെടാൻ സാധിക്കില്ലെന്നു കൃത്യമായി മറുപടി പറഞ്ഞു നല്ലരീതിയിൽ പിരിയുകയായിരുന്നു. അതിനു മുൻപോ ശേഷമോ ഈ പറയുന്ന മെഡിക്കൽ കോളജിന്റെ ഉടമ എന്നെക്കാണുകയോ വിളിക്കുകയോ ഞാനുമായി ബന്ധപ്പെട്ടു സംസാരിക്കുകയോ ചെയ്തിട്ടില്ല– രമേശ് പറഞ്ഞു.

ബോധപൂർവം തന്റെ പേര് പരാമർശിച്ചുകൊണ്ട് നടത്തുന്ന പ്രചരണം സത്യവിരുദ്ധമായ കാര്യമാണ്. 25 വർഷമായി കേരളത്തിൽ പൊതുപ്രവർത്തന രംഗത്തു നിൽക്കുന്നയാളാണ്. രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം. പക്ഷെ കഴിവിന്റെ പരാമാവധി പൊതുപ്രവർത്തനത്തിൽ സുതാര്യത കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ആരോപണത്തിന്റെ കറ വീണാൽ പൊതുപ്രവർത്തനത്തിൽ നിൽക്കുന്നത് ശരിയല്ലെന്ന് വിശ്വസിക്കുന്നയാളാണ് താൻ. ആരോപണത്തിന്റെ മുൾമുനയിൽ നിർത്തി ചിത്രവധം ചെയ്യാനുള്ള ശ്രമം തെറ്റാണ്. ഏത് അന്വേഷണവും എവിടെ വേണമെങ്കിലും നടക്കട്ടെ. ഭൂമി മലയാളത്തിലെ ഏതു അന്വേഷണത്തോടും യാതൊരു വിരോധവുമില്ല. തന്റെ നിരപരാധിത്വം തെളിയിക്കപ്പെടുമെന്ന ആത്മവിശ്വാസമുണ്ടെന്നും എം.ടി. രമേശ് മാധ്യമങ്ങളോടു വിശദീകരിച്ചു.

വാർത്തകൾ ഊഹാപോഹത്തിന്‍റെ അടിസ്ഥാനത്തിൽ: കുമ്മനം

മെഡിക്കൽ കോളജ് അനുമതിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ ഉയർന്നുവരുന്ന വാർത്തകൾ ഊഹാപോഹത്തിന്‍റെ അടിസ്ഥാനത്തിലുളളതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. അഴിമതിയെ തുടച്ചു നീക്കാൻ പ്രതിജ്ഞാബദ്ധമായ പാർട്ടിയാണ് ബിജെപി. അതുകൊണ്ടാണ് ആരോപണം ഉയർന്നപ്പോൾതന്നെ അതേപ്പറ്റി അന്വേഷിക്കാൻ നടപടി സ്വീകരിച്ചത്.

തുടർ നടപടികൾ ഉചിതമായ പാർട്ടി വേദികളിൽ ചർച്ച ചെയ്യും. എന്നാൽ ഇപ്പോൾ ഇതേപ്പറ്റി മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അതിശയോക്തിപരമാണ്. അഴിമതിയുമായി ഏതെങ്കിലും ബിജെപി നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടാൽ മുഖം നോക്കാതെ നടപടിയുണ്ടാകും. ഇപ്പോൾ ഉയർന്നു വരുന്ന ആരോപണങ്ങൾക്ക് പാർട്ടിയുമായി ബന്ധമില്ലെന്നും കുമ്മനം പറഞ്ഞു.

പ്രതികരിക്കാതെ ഒ.രാജഗോപാൽ

സത്യത്തിനും ധർമ്മത്തിനും പുല്ലുവിലയാണു സിപിഎം കൽപ്പിക്കുന്നതെന്നു ബിജെപി നേതാവ് ഒ.രാജഗോപാൽ എംഎൽഎ. മാർ‌ക്സിസ്റ്റ് അക്രമവിരുദ്ധ സമിതി നടത്തിയ ധർണ കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്നാൽ ബിജെപി നേതാക്കളുൾപ്പെട്ട മെഡിക്കൽ കോളജ് കോഴ ആരോപണത്തെക്കുറിച്ച് അദ്ദേഹം മിണ്ടിയില്ല. മാധ്യമങ്ങളിലൂടെ അറിഞ്ഞ വിവരങ്ങളേയുള്ളൂവെന്നും പ്രതികരിക്കാനില്ലെന്നും രാജഗോപാൽ പറഞ്ഞു.

അഴിമതിക്കാർ ബിജെപിയിൽ ഉണ്ടാവില്ല: വി.മുരളീധരൻ

മെഡിക്കൽ കോളജിനു കേന്ദ്രാനുമതി കിട്ടാനായി 5.6 കോടി രൂപ കേരള ബിജെപിയിലെ ചിലർ വാങ്ങിയതായുള്ള ആരോപണത്തിൽ പ്രതികരണവുമായി മുൻ സംസ്ഥാന അധ്യക്ഷൻ വി.മുരളീധരൻ. അഴിമതിക്കാർ ബിജെപിയിൽ ഉണ്ടാവില്ലെന്ന് മുരളീധരൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പറഞ്ഞു.

ബിജെപി സംസ്ഥാന ഘടകത്തിനെതിരെ ആരോപണം ഉയർന്നിട്ടുണ്ടോ എന്ന് തനിക്ക് അറിയില്ല. മാധ്യമങ്ങളിലൂടെയാണ് ഇത്തരമൊരു കാര്യം അറിഞ്ഞത്. അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് താൻ കണ്ടിട്ടില്ല. സംസ്ഥാന ഘടകത്തിന് പരാതി ലഭിച്ചിട്ടുണ്ടോ എന്നറിയില്ല. വെള്ളിയാഴ്ച ബിജെപി കോർ കമ്മിറ്റി യോഗം ചേരുന്നുണ്ടെന്നും അതിനുശേഷം കാര്യങ്ങൾ സംസ്ഥാന നേതൃത്വം വിശദീകരിക്കുമെന്നും മുരളീധരൻ പറഞ്ഞു.

ശക്തമായ നടപടി വേണം: ആർഎസ്എസ്

മെഡിക്കൽ കോളജിനു കേന്ദ്രാനുമതി കിട്ടുന്നതിനായി കേരള ബിജെപിയിലെ നേതാക്കൾ കോഴ വാങ്ങിയെന്ന ആരോപണത്തിൽ ശക്തമായ നടപടി വേണമെന്ന് ആർഎസ്എസ് കേരള നേതൃത്വം ആവശ്യപ്പെട്ടു. ബിജെപി കേരള ഘടകത്തിലെ ഗ്രൂപ്പുപോരാണ് വിവാദത്തിന്‍റെ കാരണമെന്നും ആര്‍എസ്എസ് വിലയിരുത്തി. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ ആര്‍എസ്എസ് നേതൃത്വം അതൃപ്തി അറിയിച്ചു.

പാര്‍ലമെന്‍റില്‍ പ്രതിപക്ഷ ബഹളം

മെഡിക്കൽ കോളജിനു കേന്ദ്രാനുമതി കിട്ടുന്നതിനായി കേരള ബിജെപിയിലെ നേതാക്കൾ കോഴ വാങ്ങിയെന്ന ആരോപണത്തിൽ പാര്‍ലമെന്‍റില്‍ പ്രതിപക്ഷ ബഹളം. വിഷയം ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.സി.വേണുഗോപാല്‍, എം.ബി.രാജേഷ് എന്നിവര്‍ ലോക്സഭയില്‍ അടിയന്തരപ്രമേയത്തിനു നോട്ടിസ് നല്‍കിയെങ്കിലും സ്പീക്കര്‍ അനുമതി നിഷേധിച്ചു. മെഡിക്കല്‍കോളജ് കോഴ ദേശീയതലത്തില്‍നടന്ന അഴിമതിയാണെന്നു രാജേഷ് ആരോപിച്ചു. മെഡിക്കൽ കോളജ് അഴിമതിയും കര്‍ഷകപ്രശ്നങ്ങളും ഉയര്‍ത്തി പ്രതിപക്ഷം ബഹളം വെച്ചതോടെ സഭ തടസപ്പെട്ടു

കള്ളപ്പണത്തിനെതിരെ സംസാരിക്കുന്നവരാണു ഹവാല പണമിടപാട് നടത്തിയതെന്നു വേണുഗോപാല്‍ ആരോപിച്ചു. ഇതില്‍ ബിജെപി കേന്ദ്രനേതൃത്വത്തിനുള്ള പങ്കും അന്വേഷിക്കണം, സംഭവത്തില്‍ ജുഡിഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. സമഗ്ര അന്വേഷണം വേണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് എം.എം. ഹസനും ആവശ്യപ്പെട്ടു.

അഴിമതി ആരോപണം ഇങ്ങനെ

മെഡിക്കൽ കോളജിനു കേന്ദ്രാനുമതി കിട്ടാനായി 5.6 കോടി രൂപ കേരള ബിജെപിയിലെ ചിലർ വാങ്ങിയതായാണ് പാർട്ടി അന്വേഷണ കമ്മിഷൻ കണ്ടെത്തിയത്. വാങ്ങിയ പണം ഡൽഹിയിലേക്കു കുഴൽപ്പണമായി അയച്ചതായി ബിജെപിയുടെ സഹകരണ സെൽ കൺവീനർ സമ്മതിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശിനെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. പരാതിക്കാരൻ രമേശിനെക്കുറിച്ചു നൽ‍കിയ മൊഴിയായാണിത് ഉൾപ്പെടുത്തിയിരിക്കുന്നത്. പാലക്കാട് ചെർപ്പുളശേരിയിൽ കേരള മെഡിക്കൽ കോളജ് എന്ന സ്ഥാപനത്തിന് ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം നേടാൻ രമേശാണു സഹായിച്ചത്. ഇതു മനസ്സിലാക്കി വർക്കലയിലുള്ള തന്റെ എസ്ആർ മെഡിക്കൽ കോളജിനായി പണം നൽകി എന്നാണു കോളജ് ഉടമ ആർ.ഷാജിയുടെ മൊഴി.