ഗോൾ ∙ 2004 ഡിസംബർ 26ലെ സൂനാമിത്തിരകളിൽ തകർന്നടിഞ്ഞശേഷം പുനരുദ്ധരിച്ച ഗോൾ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ, ശ്രീലങ്കയെ നിലം പരിചാക്കി ‘ഇന്ത്യൻ സൂനാമി’. ലങ്കൻ ഉരുക്കു കോട്ടയായ ‘ഗോളി’ൽ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ആതിഥേയർക്കെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. മൽസരം അവസാനിക്കാൻ ഒരു ദിവസം ബാക്കി നിൽക്കെ 304 റൺസിനാണ് ഇന്ത്യ ലങ്കയെ വീഴ്ത്തിയത്. 550 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക, 245 റണ്‍സിന് എല്ലാവരും പുറത്തായി.
സെഞ്ചുറിക്ക് മൂന്നു റൺസകലെ പുറത്തായ ദിമുത് കരുണരത്‌നെയാണ് രണ്ടാം ഇന്നിങ്സിൽ ലങ്കയുടെ ടോപ് സ്കോറർ. പരുക്കേറ്റ രംഗണ ഹെറാത്ത്, അസേല ഗുണരത്‌നെ എന്നിവർ ലങ്കൻ നിരയിൽ ബാറ്റിങ്ങിന് ഇറങ്ങിയില്ല. ഇന്ത്യയ്ക്കായി അശ്വിൻ, ജഡേജ എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ഉമേഷ് യാദവ്, മുഹമ്മദ് ഷാമി എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി. ഒന്നാം ഇന്നിങ്സിലെ സെഞ്ചുറി വീരൻ ശിഖർ ധവാനാണ് കളിയിലെ കേമൻ.
സ്കോർ: ഇന്ത്യ 600, 240/3 ഡിക്ലയേർഡ്, ശ്രീലങ്ക – 291, 245.
ഒരു ദിവസം ബാക്കി നിൽക്കെ കൂറ്റൻ തോൽവി
100ന് മുകളിലുള്ള ലക്ഷ്യം ആരും പിന്തുടർന്ന് ജയിച്ചിട്ടില്ലാത്ത ഗോളിൽ, ലങ്കയ്ക്ക് തോൽവി എത്ര നേരത്തേക്ക് നീട്ടിവയ്ക്കാമെന്നത് മാത്രമായിരുന്നു സംശയം. കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ശ്രീലങ്കയ്ക്ക് ദിമുത് കരുണരത്നയുടെ പ്രകടനമാണ് കുറച്ചെങ്കിലും തുണയായത്. മൂന്നാം വിക്കറ്റിൽ കുശാൽ മെൻഡിസിനൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ടും (79), അഞ്ചാം വിക്കറ്റിൽ നിരോഷൻ ഡിക്‌വല്ലയ്ക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടും (101) തീർത്തെങ്കിലും അനിവാര്യമായ തോൽവി അഞ്ചാം ദിവസത്തേക്കു നീട്ടാൻ പോലും കരുണരത്‌നെയ്ക്ക് ആയില്ല. മെൻഡിസ് 71 പന്തിൽനിന്ന് 36 റൺസെടുത്തും ഡിക്‌വല്ല 93 പന്തിൽ 67 റൺസെടുത്തും പുറത്തായി. 2018 പന്തിൽ ഒൻപതു ബൗണ്ടറികളോടെ 97 റൺസെടുത്ത കരുണരത്‌നെ, സെഞ്ചുറിക്ക് മൂന്നു റൺസകലെ അശ്വിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.
ഉപുൽ തരംഗ (10 പന്തിൽ 10), ധനുഷ്ക ഗുണതിലക (എട്ടു പന്തിൽ രണ്ട്), കുശാൽ മെൻഡിസ് (71 പന്തിൽ 36), ഏഞ്ചലോ മാത്യൂസ് (10 പന്തിൽ 2), നുവാൻ പ്രദീപ് (0), ലഹിരു കുമാര (0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ഒന്നാം ഇന്നിങ്സിൽ ലങ്കയുടെ ടോപ്സ്കോററായ ദിൽറുവാൻ പെരേര 21 റൺസെടുത്ത് പുറത്താകാതെ നിന്നു. എന്നിവരുടെ വിക്കറ്റുകളാണ് ലങ്കയ്ക്ക് നഷ്ടമായത്. തരംഗയെ മുഹമ്മദ് ഷാമി ക്ലീൻ ബോൾഡാക്കിയപ്പോൾ, ഗുണതിലകയെ ഉമേഷ് യാദവ് പൂജാരയുടെ കൈകളിലെത്തിച്ചു. മെൻഡിസ്, മാത്യൂസ് എന്നിവരെ ജഡേജയും മടക്കി.
കോഹ്‍ലിക്കരുത്തിൽ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ്
നാലാം ദിനമായ ഇന്ന് മൂന്നിന് 189 റൺസ് എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ, 240 റൺസിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ക്യാപ്റ്റൻ വിരാട് കോഹ്‍ലി 17–ാം സെഞ്ചുറി പൂർത്തിയാക്കിയതിനു പിന്നാലെയാണ് ഇന്ത്യ ഇന്നിങ്സ് അവസാനിപ്പിച്ചത്. ഈ വേദിയിൽ നാലാം ഇന്നിങ്സിൽ ഒരു ടീം പിന്തുടർന്ന് ജയിച്ചിട്ടുള്ള ഉയർന്ന സ്കോർ 99 മാത്രമാണ്. 136 പന്തിൽ അഞ്ചു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 103 റൺസെടുത്ത കോഹ്‍ലിയും 18 പന്തിൽ രണ്ടു ബൗണ്ടറിയുൾപ്പെടെ 23 റൺസെടുത്ത ഉപനായകൻ അജിങ്ക്യ രഹാനെയും പുറത്താകാതെ നിന്നു. ഇരുവരും ചേർന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ട് 51 റൺസ് കൂട്ടിച്ചേർത്തു.
നേരത്തെ, 309 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയിട്ടും ശ്രീലങ്കയെ ഫോളോഓൺ ചെയ്യിക്കാതെ രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇന്ത്യ, മൂന്നാം ദിനം കളി നിർത്തുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 189 റൺസ് എന്ന നിലയിലായിരുന്നു. മൂന്നാം വിക്കറ്റിൽ 133 റൺസ് കൂട്ടിച്ചേർത്ത അഭിനവ് മുകുന്ദ്–വിരാട് കോഹ്‍ലി സഖ്യമാണ് മൂന്നാം ദിവസത്തെ കളി ഇന്ത്യയ്ക്ക് അനുകൂലമായത്. 116 പന്തിൽ എട്ടു ബൗണ്ടറികൾ ഉൾപ്പെടെ 81 റൺസെടുത്ത മുകുന്ദ് ഗുണതിലകയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയതോടെ, അംപയർമാർ മൂന്നാം ദിനത്തിലെ കളി അവസാനിപ്പിച്ചു. ന്നാം ഇന്നിങ്സിലെ സെഞ്ചുറി വീരൻമാരായ ശിഖർ ധവാൻ (14 പന്തിൽ 14), ചേതേശ്വർ പൂജാര (35 പന്തിൽ 15) എന്നിവരാണ് മൂന്നാം ദിനം പുറത്തായ ഇന്ത്യൻ താരങ്ങൾ. ദിൽറുവാൻ പെരേര, ലഹിരു കുമാര എന്നിവർക്കായിരുന്നു വിക്കറ്റ്.