ന്യൂഡൽഹി ∙ മലയാളികളുടെ മനസ്സുരുകിയുള്ള പ്രാർഥനകളും അധികൃതരുടെ അവസാനവട്ട ശ്രമങ്ങളും ഫലിച്ചില്ല; പി.യു. ചിത്രയ്ക്കു ലോക ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനാകുമെന്ന മോഹം പൊലിഞ്ഞു. ദേശീയ അത്‌ലറ്റിക് ഫെഡറേഷന്റെ (എഎഫ്ഐ) കത്ത് രാജ്യാന്തര അത്ലറ്റിക് ഫെഡറേഷൻ തള്ളിയതോടെയാണു ചിത്രയുടെ മൽസര പ്രതീക്ഷകൾ അസ്തമിച്ചത്.
കേരള ഹൈക്കോടതി വിധിയുണ്ടെങ്കിലും ചിത്രയ്ക്കു ലോക ചാംപ്യൻഷിപ്പിൽ മൽസരിക്കാൻ സാധിക്കില്ലെന്ന കടുത്ത നിലപാടാണു ദേശീയ അത്‌ലറ്റിക് ഫെഡറേഷൻ ആദ്യമെടുത്തത്. കായിക മന്ത്രാലയത്തിന്റെ ശക്തമായ ഇടപെടലിനെത്തുടർന്നും കോടതിയലക്ഷ്യ നടപടി ഭയന്നുമാണു പിന്നീട് രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷനു കത്തയച്ചത്. എന്നാൽ സമയപരിധി കഴിഞ്ഞതിനാൽ എഎഫ്ഐയുടെ കത്ത് രാജ്യാന്തര അത്ലറ്റിക് ഫെഡറേഷൻ തള്ളുകയായിരുന്നു.
തീരുമാനത്തിൽ സങ്കടമുണ്ടെന്നും വലിയ അവസരമാണു നഷ്ടപ്പെട്ടതെന്നും പി.യു. ചിത്ര പ്രതികരിച്ചു. ചാനലുകളിലൂടെയാണു വാർത്ത അറിഞ്ഞത്. ആരും നേരിട്ട് ഒന്നും പറഞ്ഞിരുന്നില്ല. ഭാഗ്യം ഇല്ലാതായതിൽ വലിയ സങ്കടമുണ്ട്. ഹൈക്കോടതി ഇടപെട്ടപ്പോഴും ദേശീയ അത്‌ലറ്റിക് ഫെഡറേഷൻ കത്തയച്ചപ്പോഴും ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നു. വാർത്ത വരുന്നതുവരെ പ്രതീക്ഷയിലായിരുന്നു– പി.യു. ചിത്ര പറഞ്ഞു.
100 മീറ്ററിൽ ഇന്ത്യൻ വനിതാ താരം ദ്യുതി ചന്ദിന് അവിചാരിതമായി വൈൽഡ് കാർഡ് എൻട്രി ലഭിച്ചതു ചിത്രയുടെ പ്രതീക്ഷകൾ വർധിപ്പിച്ചിരുന്നു. എന്നാൽ, ചിത്രയ്ക്കൊപ്പം ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട മൂന്ന് പേരിലൊരാളായ സുധാ സിങ്ങിനെ അവസാനനിമിഷം തിരുകിക്കയറ്റാൻ അത്‌ലറ്റിക് ഫെഡറേഷൻ ഉൽസാഹം കാണിച്ചതു വിവാദമായി. 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസിലാണു സുധ മൽസരിക്കുന്നത്. ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയിട്ടും ചിത്രയെപ്പോലെ ഇന്ത്യന്‍ ടീമില്‍ നിന്നും തഴയപ്പെട്ട അത്‌ലറ്റാണ് സുധാ സിങ്. പ്രകടനം മോശമായതിനാല്‍ ഒഴിവാക്കിയെന്നായിരുന്നു സിലക്‌ഷന്‍ കമ്മിറ്റിയുടെ വിശദീകരണം.
യോഗ്യതാമാര്‍ക്കിനേക്കാള്‍ 10.42 സെക്കന്‍ഡ് പിന്നിലാണു ചിത്ര ഫിനിഷ് ചെയ്തത്. സുധയാകട്ടെ, യോഗ്യതാമാര്‍ക്കിനേക്കാള്‍ 17.05 സെക്കന്‍ഡ് പിറകിലും. ജൂലൈ 24-ാം തിയതിക്കുശേഷം ആരേയും ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന ഫെഡറേഷന്റെ വാദമാണു സുധയെ ഉൾപ്പെടുത്തിയതിലൂടെ പൊളിഞ്ഞത്. എന്നാൽ ഇതേ ആനുകൂല്യവും താൽപര്യവും ചിത്രയുടെ കാര്യത്തിലുണ്ടായില്ല. സുധയും ദ്യുതിയും ഉള്‍പ്പെട്ടതോടെ ഇന്ത്യന്‍ സംഘാംഗങ്ങളുടെ എണ്ണം 24ല്‍ നിന്ന് 26 ആയി.
100 മീറ്ററിൽ ദ്യുതി ചന്ദിന് അവിചാരിതമായാണു രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷനിൽ നിന്നു ക്ഷണം ലഭിച്ചത്. ലോക ചാംപ്യൻഷിപ്പിനുള്ള യോഗ്യതാസമയം ദ്യുതി കടന്നിരുന്നില്ല. ലോക ചാംപ്യൻഷിപ്പിന് ഇത്തവണ യോഗ്യത നേടിയതാകട്ടെ 35 താരങ്ങൾ മാത്രം. 56 പേർക്കാണു മീറ്റിൽ പങ്കെടുക്കാൻ അവസരമുള്ളത്. അതുകൊണ്ടുതന്നെ മികച്ച സമയം കുറിച്ച മറ്റു താരങ്ങളെക്കൂടി പങ്കെടുപ്പിക്കാൻ ലോക അത്‌ലറ്റിക് ഫെഡറേഷൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് 44-ാം റാങ്കുകാരിയായ ഒഡീഷ സ്വദേശി ദ്യുതി ചന്ദ് ലണ്ടനിലേക്കുള്ള ടിക്കറ്റ് സ്വന്തമാക്കിയത്.
ലണ്ടനിൽ ആഗസ്റ്റ് നാലു മുതൽ 13 വരെ നടക്കുന്ന ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ സംഘത്തിൽ മലയാളി താരം പി.യു. ചിത്രയെ ഉൾപ്പെടുത്തണമെന്നു കഴിഞ്ഞദിവസം കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ടീമിന്റെ അന്തിമ പട്ടിക സമർപ്പിക്കാനുള്ള അവസരം കഴിഞ്ഞെന്നായിരുന്നു എഎഫ്ഐയുടെ വിശദീകരണം. വിധിക്കെതിര സുപ്രീം കോടതിയെ സമീപിക്കാനുള്ള നീക്കത്തിലായിരുന്നു ഇവർ. ഇതിനിടെ ഹൈക്കോടതി വിധി മാനിക്കണമെന്നും ചിത്രയെ ടീമിൽ ഉൾപ്പെടുത്തണമെന്നും കേന്ദ്ര കായികമന്ത്രി വിജയ് ഗോയൽ നിർദേശിച്ചതോടെ ഫെഡറേഷൻ മനസ്സു മാറ്റുകയായിരുന്നു. പക്ഷെ, എല്ലാ വാതിലുകളും അടഞ്ഞെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു ദേശീയ അത്‌ലറ്റിക് ഫെഡറേഷൻ ചിത്രയ്ക്കായി കത്തയക്കൽ നാടകം കളിച്ചത്.