കാക്കനാട് (കൊച്ചി) ∙ പുതുവൈപ്പ് എൽപിജി ടെർമിനൽ പദ്ധതിക്കെതിരെ സമരം ചെയ്തവർക്കു നേരെ പൊലീസ് അതിക്രമം കാണിച്ചെന്ന സമരക്കാരുടെ വാദവും അതിനെ ചെറുക്കാനുള്ള അന്നത്തെ ഡപ്യൂട്ടി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്രയുടെ ശ്രമവും മനുഷ്യാവകാശ കമ്മിഷൻ തെളിവെടുപ്പിൽ നാടകീയരംഗങ്ങൾക്കു വഴിയൊരുക്കി. ഇപ്പോൾ തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയാണു യതീഷ് ചന്ദ്ര.
‘ഈ അങ്കിളാണു ഞങ്ങളെ തല്ലിയത്’ എന്നു യതീഷ് ചന്ദ്രയെ ചൂണ്ടിക്കാട്ടി ഏഴു വയസ്സുള്ള അലൻ മനുഷ്യാവകാശ കമ്മിഷൻ ആക്ടിങ് ചെയർമാൻ പി. മോഹനദാസിനോടു പറഞ്ഞപ്പോൾ ആദ്യം അമ്പരന്ന യതീഷ് ചന്ദ്ര പെട്ടെന്നു പ്രതിരോധം തീർത്തു. ‘ഞാനാണോ തല്ലിയത്, മോന് എന്റെ പേരറിയാമോ?’ ചോദ്യം തീരും മുൻപേ അതേയെന്നു കുട്ടി ആവർത്തിച്ചു. മാതാപിതാക്കൾക്കൊപ്പം എത്തിയ തന്നെയും സഹോദരനെയും പൊലീസ് തല്ലിയെന്നായിരുന്നു കുട്ടിയുടെ നിലപാട്. കൂടെയുണ്ടായിരുന്നവരെ റോഡിലൂടെ വലിച്ചിഴച്ചെന്നും മൊഴി നൽകി.
അഭിഭാഷകനില്ലാതെ നേരിട്ടായിരുന്നു യതീഷ് ചന്ദ്രയുടെ വാദം. ഹൈക്കോടതിക്കു മുന്നിൽ കൂട്ടംകൂടിയ സമരക്കാർ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു മുന്നോടിയായ ട്രയൽ റൺ തടസ്സപ്പെടുത്താൻ ശ്രമിച്ചപ്പോഴാണു പൊലീസ് ഇടപെട്ടത്. ആരെയും ഉപദ്രവിച്ചില്ല. മിതമായ ബലപ്രയോഗം നടന്നു. കുട്ടികളെ മനുഷ്യകവചമാക്കാനായിരുന്നു ശ്രമം. ഇത്തരം സമരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കരുതെന്നു ജുവനൈൽ ആക്ടിൽ വ്യക്തമാക്കുന്നുണ്ട്.
സ്ത്രീകളും കുട്ടികളും സന്തോഷത്തോടെ ചിരിച്ചുകൊണ്ടു സമരരംഗത്തു നിൽക്കുന്ന ചിത്രങ്ങളുണ്ടെന്നും പൊലീസ് അതിക്രമം കാട്ടിയെന്നതു ശരിയല്ലെന്നും വാദിച്ചു. സമരമുഖത്തുനിന്നു പകർത്തിയ വിഡിയോ ദൃശ്യങ്ങളുമായാണ് അദ്ദേഹം എത്തിയത്. ആ വാദത്തെ പുതുവൈപ്പിൽ നിന്നെത്തിയ സമരക്കാർ ശക്തമായി എതിർത്തു. അതിക്രമത്തിന്റെ ദൃശ്യങ്ങൾ തങ്ങളുടെ കയ്യിലുണ്ടെന്നും പറഞ്ഞു.
കസ്റ്റഡിയിലെടുത്തു കൊണ്ടുപോയ നാലു പൊലീസ് സ്റ്റേഷനുകളിൽനിന്നുള്ള സിസിടിവി ദൃശ്യം ഹാജരാക്കാൻ കമ്മിഷൻ ഉത്തരവു നൽകി. വിശദമായ സത്യവാങ്‌മൂലം സമർപ്പിക്കാൻ യതീഷ് ചന്ദ്രയ്ക്കു നിർദേശം നൽകി. അടുത്ത മാസം കേസ് വീണ്ടും പരിഗണിക്കും.